തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കാന്‍ ധാരണ. സംസ്ഥാനത്ത് കുപ്പിവെള്ളം നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന 105 കമ്പനികള്‍ ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. നിലവില്‍ ഒരു ലിറ്ററിന് ശരാശരി 20 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. തീരുമാനം നടപ്പായാല്‍ ഇത് 10 രൂപയായി കുറയും. എന്നു മുതല്‍ വില കുറയ്‌ക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഹില്ലി അക്വ കുപ്പിവെള്ളത്തിന് ഇപ്പോള്‍ തന്നെ 10 രൂപയാണ് ഈടാക്കുന്നത്. കേരളത്തിന് പുറമെ നിന്നുള്ള കമ്പനികളുടെ കുത്തക തകര്‍ത്ത് കൂടുതല്‍ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടാണ് വ്യാപാരികളുടെ തീരുമാനം. വില കുറയ്‌ക്കുന്നത് ചൂണ്ടിക്കാട്ടി നികുതിയിളവ് ആവശ്യപ്പെടാനും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
