തിരുവനനന്തപുരം: ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിള്‍. ആകെ ഉപഭോക്താക്കളുടെ എണ്ണം ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോടിയിലെത്തിയെന്ന് പൊതുമേഖലാ ടെലികോം കമ്പനി അവകാശപ്പെട്ടു. ഒരു കോടിയില്‍ 97.6 ലക്ഷം കണക്ഷനുകളും പ്രീപെയ്ഡാണ്. 2.4 ലക്ഷം പോസ്റ്റ് പെയ്ഡ് കണക്ഷനുകളുമുണ്ട്. 

ജൂലൈ അവസാനത്തില്‍ 95 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നപ്പോഴാണ് എണ്ണം ഒരു കോടിയിലെത്തിക്കാനുള്ള പ്രഖ്യാപനം കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍‍ മാനേജര്‍ ഡോ. പി.ടി. മാത്യു നടത്തിയത്. ബി.എസ്.എന്‍.എല്‍ ദിനമായ ഒക്ടോബര്‍ ഒന്നിനകം ഒരു കോടി ഉപയോക്താക്കളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒക്ടോബര്‍ ആദ്യ വാരം ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയുടെ തൊട്ടടുത്ത് എത്തിയിരുന്നെങ്കിലും ഒന്നാം തീയ്യതി ലക്ഷത്തിലെത്താന്‍ കഴിഞ്ഞില്ല. റിലയന്‍സ് ജിയോ ഉയര്‍ത്തിയ ഭീഷണിക്ക് ശേഷം പ്രഖ്യാപിച്ച പുതിയ അണ്‍ലിമിറ്റഡ് ഡേറ്റാ പ്ലാനുകളും കോള്‍ ഓഫറുകളുമാണു ബി.എസ്.എന്‍.എല്ലിനെ ഈ നേട്ടത്തിലേക്കെത്തിച്ചത്. രാജ്യത്താകെ 11 കോടിയോളമാണ് ആകെ ബി.എസ്.എന്‍.എല്‍ കണക്‌ഷനുകള്‍. ഇതില്‍ തന്നെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കിളാണ് കേരളം.