മൊബൈല്‍ ഡേറ്റാ ഉപയോഗത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും 3ജി അടക്കമുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ശേഷി ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.നവംബറോട് ദക്ഷിണ മേഖലയുടെ ഡേറ്റാ ശേഷി 600 ടെറാബൈറ്റായും മറ്റിടങ്ങളില്‍ 450 ടെറാബൈറ്റായുമാണ് വര്‍ദ്ധിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മിക്ക സര്‍ക്കിളുകളിലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്‍ ഇത്തവണത്തെ സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തിട്ടില്ല. പകരം നിലവിലുള്ള സ്പെക്ട്രം തന്നെ ഉപയോഗിച്ചാവും സേവനങ്ങള്‍ തുടരാന്‍ പോകുന്നത്.
1,099 രൂപയ്ക്ക് പരിധിയില്ലാത്ത 3ജി ഡേറ്റ നല്‍കിയതും ഇപ്പോഴത്തെ ഉപയോഗ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നാണ് കമ്പനി വിലയിരുത്തുന്നത്. 30 ദിവസത്തേക്ക് ഫെയര്‍ യൂസേജ് നിയന്ത്രണമില്ലാതെയാണ് ഈ തുകയ്ക്ക് ബി.എസ്.എന്‍.എല്‍ ഡേറ്റ നല്‍കുന്നത്. 2012ല്‍ 80 ടെറാബൈറ്റായിരുന്നു ബി.എസ്.എന്‍.എലിന്റെ ആകെ ഡേറ്റാ ഉപയോഗം. ഈ വര്‍ഷം ജൂലൈയില്‍ ഇത് 279 ടി.ബിയും ഇപ്പോള്‍ അത് 353 ടി.ബിയുമായി ഉയര്‍ന്നിട്ടുണ്ട്. ഒരു ദിവസം ഒരു ഉപയോക്താവ് ശരാശരി 2.2 ജി.ബി ഡേറ്റയാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് 66 ജി.ബിയോളമാണ് പുതിയ പ്ലാന്‍ അനുസരിച്ച് ഓരോ ഉപഭോക്താവിന്റെയും ശരാശരി ഉപയോഗം.
