മുംബൈ: ഭവന വായ്പകള്‍ക്ക് പലിശ കുറച്ചതിന് പിന്നാലെ വമ്പന്‍ ഓഫറുകളുമായി ബാങ്കുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പലിശയിളവിന് പുറമേ ഇ.എം.ഐക്ക് ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകളാണ് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നത്.

15 വര്‍ഷം മുതല്‍ 30 വര്‍ഷം വരെ കാലാവധിയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം ക്യാഷ് ബാക്ക് ഓഫറാണ് ഐ.സി.ഐ.സി.ഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇ.എം.ഐ അടയ്ക്കുന്നതിന്റ ഒരു ശതമാനം തുക തിരികെ കിട്ടും. ഇത് ഉപയോഗിച്ച് ഭവന വായ്പ തിരിച്ചടയ്ക്കുകയോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുകയോ ചെയ്യാം. ലോണെടുത്ത് കഴിഞ്ഞ് ആദ്യത്തെ ഇ.എം.ഐ മുതല്‍ ക്യാഷ് ബാക്ക് ലഭിക്കും. എന്നാല്‍ 36 മാസം പൂര്‍ത്തിയാക്കുമ്പോഴേ ആദ്യം ഈ പണം ലഭിക്കുകയുള്ളൂ. പിന്നീട് എല്ലാ 12 മാസം കൂടുമ്പോഴും ക്യാഷ് ബാക്ക് ലഭിക്കും. പ്രവാസികള്‍ക്കും ഈ ഓഫറോട് കൂടിയ ലോണ്‍ ലഭിക്കും. മറ്റ് ബാങ്കുകളിലുള്ള ലോണ്‍ ഐസിഐസിഐയിലേക്ക് മാറ്റുകയും ചെയ്യാം. 30 വര്‍ഷത്തെ കാലാവധിയില്‍ എടുത്തിരിക്കുന്ന ലോണിന് ഇത്തരത്തില്‍ തിരിച്ച് കിട്ടുന്ന പണം, ലോണ്‍ തിരിച്ചടവിന് തന്നെ ഉപയോഗിച്ചാല്‍ മുതലിന്റെ 10 ശതമാനത്തോളം വരുമെന്നാണ് ബാങ്ക് എക്സിക്യൂട്ടീന് ഡയറക്ടര്‍ അനൂപ് ബഗ്ജി പറഞ്ഞത്.

സമാനമായ ഓഫറാണ് ആക്സിസ് ബാങ്കും അവതരിപ്പിച്ചിരിക്കുന്നത്. 20 വര്‍ഷം കാവാവധിയുള്ള ഭവന വായ്പകളുടെ നാല് മാസതവണകള്‍ ഒഴിവാക്കി നല്‍കുമെന്നാണ് ആക്സിസ് ബാങ്കിന്റെ വാഗ്ദാനം. 4, 8, 12, 20 വര്‍ഷങ്ങളുടെ അവസാന മാസത്തിലെ ഇ.ഇം.ഐ ആയിരിക്കും ഒഴിവാക്കുക. 30 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക് ഇത് ലഭ്യമാവും.