ദില്ലി: ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപമുണ്ടായിട്ടും ആദായ നികുതി അടയ്ക്കാത്ത 67.54 ലക്ഷം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.റ്റി) വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകള്‍ വഴി നടക്കുന്ന വലിയ തുകയ്ക്കുള്ള പണമിടപാടുകള്‍ നിരീക്ഷിച്ചാണ് ഇത്രയും പേരുടെ പട്ടിക തയ്യാറാക്കിയത്. ഇവരില്‍ ഭൂരിപക്ഷവും ആദായനികുതി പരിധിയില്‍ ഉള്‍പ്പെട്ടിട്ടും നികുതി അടയ്ക്കാത്തവരാണ്.

സി.ബി.ഡി.റ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ ഫയലേഴ്സ് മോണിട്ടറിങ് സിസ്റ്റം (എന്‍.എം.എസ്) വഴിയാണ് ആളുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നത്. 2014-15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോള്‍ നിരീക്ഷിച്ചത്. ഇവരാരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവരുടെ യഥാര്‍ത്ഥ വരുമാനവും വ്യക്തമല്ല. എല്ലാ പൗരന്മാരോടും സ്വന്തം വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാന്‍ ആവശ്യപ്പെടുന്നതിനൊപ്പം നികുതി അടയ്ക്കാത്തവരെ കണ്ടെത്തി പിടികൂടാനുള്ള നടപടികളും ഔര്‍ജ്ജിതമാക്കുമെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരത്തില്‍ തിരിച്ചറിഞ്ഞവരുടെ ഇ- ഫയലിങ് പോര്‍ട്ടലുകളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റായ  https.//incometaxindiaefiling.gov.inല്‍ ലോഗിന്‍ ചെയ്ത ശേഷം പാന്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ഇത് പരിശോധിക്കാനാവും.