ഒരു ചാക്ക് സിമന്റിന് വർധിച്ചത് 60 രൂപ
തൃശൂര്‍: സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയർന്നു. 50 മുതൽ 60 രൂപ വരെയാണ് ഒരു ചാക്ക് സിമന്റിന് കൂടിയത്. ഇതോടെ നിര്‍മ്മാണമേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. സിമന്റ് വില 360 രൂപയായിരുന്നപ്പോൾ വീട് വെയ്ക്കാനാരംഭിച്ച ഒരു സാധാരണക്കാരന് ഇപ്പോള്‍ ഒരു ചാക്ക് സിമന്റിന് നല്‍കേണ്ടി വരുന്നത് 430 രൂപയാണ്.
നിര്‍മാണം പകുതിയായപ്പോൾ വില ഉയർന്നതിനാൽ നിർമാണം എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാരുള്ളത്. ഒറ്റ ദിവസം കൊണ്ട് സിമന്റ് വില വർദ്ധിച്ചത് 60 രൂപയാണ്. ഇതോടെ മികച്ച ബ്രാൻഡുകൾക്ക് ഒരു ചാക്ക് സിമന്റിന് ഹോൾ സെയിൽ മാർക്കറ്റിൽ 400 രൂപയായി. റീറ്റെയിൽ മാർക്കറ്റിൽ സിമന്റ് വില 435 രൂപയാണ്.
കേരളത്തിലെ കൺസ്ട്രക്ഷൻ മേഖലയിൽ 90% വിറ്റഴിക്കുന്നത് തമിഴ്നാട്ടിൽ നിന്നുമുള്ള എ, ബി കാറ്റഗറി സിമന്റാണ്. ബാക്കി ആന്ധ്രയിൽ നിന്നെത്തുന്നവയും. സിമന്റ് വില നിർണയിക്കുന്ന സിമൻറ് മാനുഫാക്ച്ചേഴ്സ് അസ്സോസിയേഷനാണ് കേരളത്തിൽ മാത്രം വില വർദ്ധിപ്പിച്ചത്. സിഎംഎ മൂന്ന് മാസങ്ങൾക്കിടെ സിമന്റ് വില വർദ്ധിപ്പിക്കാറുണ്ടെന്ന് വിൽപനക്കാർ ആരോപിക്കുന്നു. നിരവധി വെല്ലുവിളികൾ നേരിടുന്ന കൺസ്ട്രക്ഷൻ മേഖലയിൽ ഗുരുതര പ്രത്യാഘാത മുണ്ടാക്കുന്നതാണ് വിലക്കയറ്റം.
