കര്‍ഷകരുടെയും ക്ഷേമത്തിനായി സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും ഉള്‍പ്പെടുന്നതാവും റിപ്പോര്‍ട്ട് 

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയം കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ‍ഠിക്കാനായി ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. കേരള ചീഫ് സെക്രട്ടറിയാണ് ടാസ്ക് ഫോഴ്സിന്റെ ചെയര്‍മാന്‍, ത്രിപുര ചീഫ് സെക്രട്ടറിയാണ് കോ- ചെയര്‍മാന്‍. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെ വിശദമായി പഠിക്കുന്ന ടാസ്ക് ഫോഴ്സ് പ്രശ്ന പരിഹാരത്തിനായി ഉടനടി സ്വീകരിക്കേണ്ട നടപടികളും ദീര്‍ഘകാലത്തേക്ക് നടപ്പാക്കേണ്ട നയങ്ങളും നിര്‍ദ്ദേശിക്കും.

കുറയുന്ന റബ്ബറിന്‍റെ വിപണിവില, രാജ്യത്തിന്‍റെ റബ്ബര്‍ ഉല്‍പ്പാദത്തില്‍ സംഭവിക്കുന്ന കുറവ്, വ്യവസായത്തിനായുളള റബ്ബര്‍ ആവശ്യകത, റബ്ബര്‍ ഇറക്കുമതിയില്‍ ഉണ്ടാവുന്ന വലിയ വര്‍ദ്ധന. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും റബ്ബര്‍ വ്യവസായത്തിന്‍റെയും കര്‍ഷകരുടെയും ക്ഷേമത്തിനായി സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും തുടങ്ങി റബ്ബര്‍ മേഖലയുടെ സമസ്തവശങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാവും ടാസ്ക് ഫോഴ്സ് സമര്‍പ്പിക്കുക. 

വിശദമായ റിപ്പോര്‍ട്ടിനൊപ്പം ലോക വ്യാപാര സംഘടനയുടെ നിയമങ്ങളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങളും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സമിതി റബ്ബര്‍ പോളിസി കൂടി തയ്യാറാക്കും. ടാസ്ക് ഫോഴ്സിന്‍റെ കാലാവധി രണ്ടുമാസമാണ്. അതിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റബ്ബര്‍ വില 200 രൂപയാക്കണം, റബ്ബര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തളളിവിടുന്ന നടപടികളില്‍ നിന്ന് പിന്‍മാറണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കൃഷി മന്ത്രി സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞമാസം കേന്ദ്ര വ്യവസായ- വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിനെക്കണ്ടിരുന്നു. കൂടിക്കാഴ്ച്ചയില്‍ റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ടാസ്ക് ഫേഴ്സിനെ ചുമതലപ്പെടുത്താന്‍ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു.