ജിഡിപിക്കൊപ്പം ഇനി എസ്‍ഡിപിയും ഡിഡിപിയും ചര്‍ച്ചകളില്‍ നിറയും 

ദില്ലി: ജിഡിപിക്കൊപ്പം (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) എസ്‍ഡിപിയിലും (സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) ഡിഡിപിയിലും (ഡിസ്ട്രിക്റ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംസ്ഥാനങ്ങളുടെയും, ജില്ലകളുടെയും ആഭ്യന്തര ഉല്‍പ്പാദനത്തെപ്പറ്റിയുളള (ഡൊമസ്റ്റിക് പ്രോഡക്റ്റ്) വിവര സമാഹരണത്തിന് 13 അംഗ സബ് നാഷണല്‍ അക്കൗണ്ട്സ് കമ്മിറ്റിയെ (എസ്എന്‍എ) സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ദേശീയ അക്കൗണ്ടുകളുടെയും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ കണക്കെടുപ്പ് ഇതിലൂടെ കുറച്ചുകൂടി സൂഷ്മമാവും. 

ഐഐഎം അഹമ്മദാബാദ് മുന്‍ പ്രഫസര്‍ രവീന്ദ്ര എച്ച് ദോലാകിയയാണ് എസ്എന്‍എയുടെ അദ്ധ്യക്ഷന്‍. എസ്‍ഡിപി ഡിഡിപി എന്നിവ തയ്യാറാക്കാനാവശ്യമായ ആശയങ്ങള്‍, ക്ലാസിഫിക്കേഷന്‍, കണക്കുകള്‍ തയ്യാറാക്കാനായുളള വിവരങ്ങള്‍, അവയുടെ സ്രോതസ്സുകള്‍ എന്നിവ കണ്ടെത്തുകയെന്നതാണ് എസ്എന്‍എ പാനലിന്‍റെ ചുമതലകള്‍. 

ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് എസ്‍ഡിപി, ഡിഡിപി എന്നിവയില്‍ തിളങ്ങാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കുകയെന്നതും കമ്മിറ്റിയുടെ ചുമതലകളില്‍ പെടുന്നു. ഈ വര്‍ഷം നടന്ന കേന്ദ്ര സംസ്ഥാന സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍സിന്‍റെ സമ്മേളനത്തില്‍ എസ്‍ഡിപി, ഡിഡിപി എന്നിവ തയ്യാറാക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നു.