ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വാവേ, വിവോ, ഓപ്പോ എന്നിവര്‍ കയറ്റുമതി ചെയ്യുന്ന ഫോണുകളുടെ എണ്ണത്തില്‍ പത്ത് ശതമാനം കുറവ് വരുത്തി. തായ്‌വാനീസ് ടെക് വെബ്‌സൈറ്റായ ഡിജിടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന മൊത്തം ഓര്‍ഡറുകളില്‍ പത്ത് ശതമാനം കുറച്ചാണ് ഇപ്പോള്‍ കമ്പനികള്‍ കൈമാറുന്നതെന്നാണ് ഡിജിടൈംസ് പറയുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വരുത്തിയ ഈ നിയന്ത്രണം 2018-ലും തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

അതേസമയം മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി തങ്ങളുടെ ഉല്‍പാദനത്തില്‍ കുറവൊന്നും വരുത്തിയിട്ടില്ല. ആഗോളതലത്തിലുണ്ടായ മാറ്റങ്ങളെ പ്രതിരോധിച്ചും തങ്ങളുടെ ഫോണുകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ ഷവോമിക്ക്‌സാധിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യന്‍ വിപണിയുടെ 23.5 ശതമാനവും കൈയടക്കിയ ഷവോമി ഇതേ അളവില്‍ പങ്കാളിത്തമുള്ള സാംസഗിനോട് കടുത്ത മത്സരമാണ് നടത്തുന്നത്.