നിക്ഷേപകര്‍ക്ക് താല്‍പര്യം വിദ്യാഭ്യാസ സാങ്കേതിക വിദ്യ, സാമ്പത്തികം, സോഷ്യല്‍ സര്‍വ്വീസ്, കണ്ടന്‍റ്, ഓണ്‍ലൈന്‍ വിപണി വികസനം എന്നീ മേഖലകളെ

ദില്ലി: ചൈനീസ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഏറെ ഇഷ്ടം ഇന്ത്യന്‍ സരംഭങ്ങളെയാണ്. ചൈനയ്ക്ക് പുറത്ത് തങ്ങളുടെ പ്രോട്ട്ഫോളിയോ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ചൈനീസ് നിക്ഷേപകര്‍ കൂടുതല്‍ പണമിറക്കുന്നതെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ "ഹൈ പെര്‍ഫോര്‍മിങ്" ആണെന്നാണ് നിക്ഷേപത്തിന് കാരണമായി ചൈനീസ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

ആലിബാബയുടെ ഉടമസ്ഥതതയിലുളള യുസിവെബ് ബ്രൗസര്‍ സ്ഥാപകന്‍ ലിയാങ് ജീ, മൈക്രോഫിനാന്‍സ് സ്റ്റാര്‍ട്ടപ്പ് ക്യാഷ് ബസ്സ് സ്ഥാപകര്‍ ടാങ് യാങ് തുടങ്ങിയവര്‍ ദില്ലി ആസ്ഥാനമായുളള മൂന്നോളം സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സാങ്കേതിക വിദ്യ, സാമ്പത്തികം, സോഷ്യല്‍ സര്‍വ്വീസ്, കണ്ടന്‍റ്, ഓണ്‍ലൈന്‍ വിപണി വികസനം എന്നീ മേഖലകളില്‍ നിക്ഷേപമിറക്കാനായി 15 ഓളം ചൈനീസ് സംരംഭകര്‍ പ്രാരംഭ ഘട്ട നീക്കം നടത്തിവരുകയാണ്.

ആലിബാബ ഗ്രൂപ്പ്, ടെന്‍സെന്‍റ്, മീട്വൊന്‍ ഡിയാബിങ് എന്നീ ചൈനീസ് കമ്പനികള്‍ പേടിഎം, ബിഗ് ബാസ്‍കറ്റ്, സുമാറ്റോ തുടങ്ങിയ പക്വത കൈവരിച്ച ഇന്ത്യന്‍ കമ്പനികളിലും വലിയ തോതിലുളള നിക്ഷേപമാണ് അടുത്തകാലത്ത് നടത്തിയത്. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണികളിലും കമ്പനി ഉന്നത തീരുമാനങ്ങളിലും ചൈനീസ് സ്വാധീനം വലിയതോതില്‍ വര്‍ദ്ധിക്കും.