നോട്ട് നിരോധനത്തിന്റെയും നിയന്ത്രണങ്ങളുടെയും ഇടയിൽ പിടിച്ചുനിന്നെങ്കിലും പ്രതിസന്ധിയുടെ ദിനങ്ങളാണ് സംസ്ഥാനത്തെ സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങൾക്കുള്ളത്. നിക്ഷേപങ്ങൾ കൂടുകയും വായ്പ്പകൾ ഗണ്യമായി കുറയുകയും ചെയ്തതോടെ നഷ്ടം മുന്നിൽക്കാണുകയാണ് പ്രാഥമിക സഹകരണ ബാങ്കുകൾ അടക്കമുള്ളവ. സഹകരണ മേഖലയിലുണ്ടായ ബുദ്ധിമുട്ടുകളുടെ സൂചകമായി സഹകരണ സൊസൈറ്റികളുടെ നിക്ഷേപങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 

വായ്പ്പയെടുത്ത്, നോട്ട് നിരോധനത്തോടെ നട്ടം തിരിഞ്ഞ സാധാരണക്കാര്‍ ആശ്രയിക്കുന്നത് പ്രാഥമിക സർവ്വീസ് സഹകരണ ബാങ്കുകളെയാണ്. നോട്ട് നിരോധനത്തിന് ശേഷം തിരിച്ചടവ് മുടങ്ങി കണ്ണൂർ പെരളശേരി ബാങ്കിന്റെ മാത്രം മൊത്തം വായ്പാ തുകയുടെ പതിനെട്ട് ശതമാനവും കുടിശികയിനത്തിൽ ആയിക്കഴിഞ്ഞു. വായ്പകൾ കുറഞ്ഞ് അനുപാതം 58 ശതമാനം ആയി. വായ്പകളോട് ആളുകൾ അകലം പാലിക്കുമ്പോൾ വന്നുകൂടിയ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുകയും വേണം. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്ന ഘടകം. 

പ്രാഥമിക ബാങ്കുകളെ അപേക്ഷിച്ച് ജില്ലാസഹകരണ ബാങ്കുകളിൽ പ്രതിസന്ധിയുടെ തോത് താരതമ്യേന കുറവാണ്. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപങ്ങളിൽ 421 കോടിയുടെ കുറവുണ്ടായപ്പോൾ, വായ്പ്പകളിൽ 455 കോടിയുടെ വർധനവുണ്ടായി. കെ.എസ്.ആർ.ടി.സിക്കടക്കം നൽകിയ വൻകിട വായ്പ്പകളാണ് ഗുണമായത്. പക്ഷെ മൊത്തം ധന ഇടപാട് 347 കോടി കുറഞ്ഞു. സൊസൈറ്റികളുടെ കാര്യത്തിലാകട്ടെ വിപണിയിലുണ്ടായ മാന്ദ്യമാണ് പിറകോട്ടു വലിച്ചത്. കണ്ണൂരിൽ നടന്ന ഓണം എക്സ്പോയിൽ മാത്രം ഒരു കോടിക്കടുത്താണ് കൈത്തറി സംഘങ്ങളുടെ വിൽപ്പനയിൽ ഉണ്ടായ കുറവ്. 

സഹകരണ ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണമെന്ന പ്രചാരണമടക്കം വിശ്വാസ്യതയെ തകർക്കാൻ നടന്ന ശ്രമങ്ങൾ ഇടപാടുകാരുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്ന് ഈ മേഖലയിലുള്ളവർ സമ്മതിക്കുന്നു. സഹകരണ മേഖലയിൽ ധനകാര്യ രംഗത്തെ ആഘാതത്തിന്റെ തോതറിയാൻ മാർച്ച് വരെ കാത്തിരിക്കണം.