മറയൂര്‍: ഉത്പാദനം കുറയുന്നതിന് പുറമേ മറയൂരിലെ കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കി വിലയിടിവും. കാപ്പി പൂവിടുന്ന സമയത്ത് മഴ കിട്ടാതിരുന്നതും ഇപ്പോൾ വിളവെടുപ്പു സമയത്ത് മഴ തുടരുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.

ചെടികൾ പൂവിട്ട മാസങ്ങളിൽ ആവശ്യത്തിന് മഴകിട്ടാഞ്ഞതാണ് പ്രധാനമായും മറയൂരിൽ കാപ്പിയുടെ ഉൽപാദനക്കുറവിന് കാരണമായത്. അതോടൊപ്പം സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വില തകർച്ചയുമാണ് കർഷകർ അനുഭവിക്കുന്നത്. ഇപ്പോൾ കിട്ടുന്ന വില കാപ്പിക്കുരു വിളവെടുക്കാൻ വേണ്ടി വരുന്ന ചിലവിനു പോലും മതിയാകില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്.

മേഖലയിലെ ശീതകാല കൃഷിക്കും സുഗന്ധവിള കൃഷിക്കും ഗുണപ്രദമായ നൂൽമഴ ഈ വർഷം ഇതുവരെ കിട്ടിയിട്ടേയില്ലെന്ന് കർഷകർ പറയുന്നു. മറയൂർ, ശിവൻബന്ധി, കാന്തല്ലൂർ, വെട്ടുകാട്, തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കർഷകരും ആദിവാസികളുമാണ് മേഖലയിൽ കാപ്പി കൃഷി ചെയ്യുന്നത്. ഇന്നത്തെ നിലയിൽ ഉത്പാദനക്കുറവും വിലയിടിവും തുടർന്നാൽ പ്രദേശത്ത് കാപ്പി കൃഷി അന്യം നിന്നു പോകുന്ന അവസ്ഥയാകും ഉണ്ടാകുമെന്നും കർഷകർ പറയുന്നു.