ലോണ്‍ അപ്രൂവ് ആയാലും പണം അക്കൗണ്ടിലെത്താന്‍ ദിവസങ്ങള്‍ എടുക്കുന്ന സാഹചര്യം പലർക്കുമുണ്ട്. ബാങ്കുമായുള്ള നിങ്ങളുടെ ബന്ധം, വരുമാന രേഖകളിലെ വ്യക്തത, ആവശ്യപ്പെടുന്ന തുക എന്നിവയാണ് ഈ കാലതാമസത്തിന് പിന്നിലെ  കാരണങ്ങള്‍. 

ഫോണില്‍ 'അപ്രൂവ്ഡ്' എന്ന മെസേജ് വരുമ്പോള്‍ വായ്പയായി ലഭിച്ച പണം ഉടന്‍ അക്കൗണ്ടിലെത്തുമെന്ന് നമ്മള്‍ കരുതും. പേഴ്‌സണല്‍ ലോണുകള്‍ പലപ്പോഴും മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും എന്ന വാഗ്ദാനത്തോടെയാണ് ബാങ്കുകള്‍ അവതരിപ്പിക്കുന്നതും. എന്നാല്‍ അപ്രൂവല്‍ കിട്ടിയാലും പണം കയ്യില്‍ കിട്ടാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ എടുത്തേക്കാം. ഇതിന് പിന്നിലെ കാരണങ്ങള്‍ ബാങ്കുകള്‍ പലപ്പോഴും തുറന്നു പറയാറില്ല. എന്തൊക്കെയാണ് അവയെന്ന് നോക്കാം..

1. ബാങ്കുമായുള്ള നിങ്ങളുടെ ബന്ധം

നിങ്ങളുടെ ശമ്പളം വരുന്നതോ സ്ഥിരമായി ഇടപാടുകള്‍ നടത്തുന്നതോ ആയ ബാങ്കിലാണ് ലോണിന് അപേക്ഷിക്കുന്നതെങ്കില്‍ പണം വേഗത്തില്‍ ലഭിക്കും. നിങ്ങളുടെ വരുമാനം, താമസം, നിങ്ങളുടെ മണി മാനേജ്മെന്റ് എന്നിവ ബാങ്കിന് നേരത്തെ തന്നെ അറിയാം എന്നതാണിതിന് കാരണം. എന്നാല്‍ പുതിയൊരു ബാങ്കിനെയാണ് സമീപിക്കുന്നതെങ്കില്‍ വരുമാനവും താമസസ്ഥലവും പരിശോധിക്കാന്‍ ബാങ്കിന് ഒന്നോ രണ്ടോ ദിവസം അധികം വേണ്ടിവരും.

2. വരുമാന രേഖകളിലെ വ്യക്തത

ഉയര്‍ന്ന വരുമാനത്തേക്കാള്‍ രേഖകളിലെ കൃത്യതയ്ക്കാണ് ബാങ്കുകള്‍ മുന്‍ഗണന നല്‍കുന്നത്. എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നവര്‍ക്ക് വായ്പ നടപടികള്‍ എളുപ്പമാണ്. എന്നാല്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും വരുമാനത്തില്‍ മാറ്റങ്ങളുള്ളവര്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ജിഎസ്ടി രേഖകള്‍, ആദായനികുതി റിട്ടേണുകള്‍ എന്നിവ പരിശോധിക്കാന്‍ ബാങ്ക് കൂടുതല്‍ സമയമെടുക്കും. ഏതെങ്കിലും ഒരു മാസത്തെ കണക്കില്‍ വ്യക്തതക്കുറവുണ്ടെങ്കില്‍ ഓട്ടോമാറ്റിക് പരിശോധനയ്ക്ക് പകരം ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കേണ്ടി വരും. ഇത് ലോണ്‍ വൈകിപ്പിക്കും.

3. ലോണ്‍ തുകയും നിങ്ങളുടെ പശ്ചാത്തലവും

നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കിലും നിങ്ങള്‍ ചോദിക്കുന്ന തുക എത്രയാണെന്നത് പ്രധാനമാണ്. വരുമാനത്തിന് അനുയോജ്യമായ ചെറിയ തുകയാണ് ചോദിക്കുന്നതെങ്കില്‍ വേഗത്തില്‍ അനുമതി ലഭിക്കും. എന്നാല്‍ വലിയ തുകയാണ് ആവശ്യപ്പെടുന്നതെങ്കില്‍ ബാങ്ക് കൂടുതല്‍ ജാഗ്രത കാട്ടും. പഴയ ലോണുകളുടെ തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലോ, നിലവില്‍ കൂടുതല്‍ ഇഎംഐകള്‍ ഉണ്ടെങ്കിലോ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പണം അനുവദിക്കൂ.

4. പണം കൈമാറുന്ന രീതി

ലോണ്‍ അനുവദിച്ചാലുടന്‍ പണം നല്‍കാന്‍ ചിലപ്പോള്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാം. ബാങ്ക് പ്രവൃത്തി സമയം, അവധി ദിവസങ്ങള്‍ എന്നിവ പണം ലഭിക്കുന്നതിനെ ബാധിക്കും. ഡിജിറ്റല്‍ ബാങ്കുകളും ലോണ്‍ ആപ്പുകളും വേഗത്തില്‍ പണം കൈമാറാറുണ്ട്. എന്നാല്‍ പരമ്പരാഗത ബാങ്കുകളില്‍ അവസാന ഘട്ട ക്ലിയറന്‍സിനായി ചിലപ്പോള്‍ അധിക നടപടിക്രമങ്ങള്‍ വേണ്ടിവന്നേക്കാം.

എത്ര ദിവസം കാത്തിരിക്കണം?

ശമ്പളം വരുന്ന ബാങ്കിലെ പ്രീ-അപ്രൂവ്ഡ് ലോണ്‍: അപേക്ഷിച്ച അന്ന് തന്നെ പണം ലഭിക്കാം.

ശമ്പളക്കാര്‍ (മറ്റ് ബാങ്കുകള്‍): 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍.

ബിസിനസുകാര്‍ / പുതിയ ബാങ്കുകള്‍: 5 മുതല്‍ 7 പ്രവൃത്തി ദിവസങ്ങള്‍ വരെ.

ലോണ്‍ വേഗത്തില്‍ ലഭിക്കണമെങ്കില്‍ നിലവില്‍ അക്കൗണ്ടുള്ള ബാങ്കിനെ ആദ്യം സമീപിക്കുക. നിങ്ങളുടെ വരുമാനത്തിന് താങ്ങാവുന്ന തുക മാത്രം ചോദിക്കുക. സാമ്പത്തിക രേഖകള്‍ ലളിതവും വ്യക്തവുമായി സൂക്ഷിക്കുന്നതും നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.