കൊച്ചി: വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകള്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു വിലക്കൂട്ടില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കണമെങ്കില്‍ കടമ്പകളേറെ. 1000 കോടിയോളം രൂപയുടെ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു നട്ടംതിരിയുകയാണ് ഇരു സ്ഥാപനങ്ങളും. ബജറ്റില്‍ പ്രത്യേക സാമ്പത്തിക സഹായം നീക്കിവെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയാകും. 

Add Asianetnews as a Preferred SourcegooglePreferred

പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളില്‍ വില കൂട്ടില്ലെന്നാണ് ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപനം. പക്ഷേ പ്രഖ്യാപനം നടപ്പാക്കാനാകുന്ന സാമ്പത്തിക അവസ്ഥയിലല്ല ഇരു സ്ഥാപനങ്ങളും. അഴിമതിയും കെടുകാര്യസ്ഥതയും ഒപ്പം സര്‍ക്കാര്‍ സബ്‌സിഡി കുടിശിക നല്‍ക്കാത്തതും ഇവയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി നല്‍കിയ വകയില്‍ സപ്ലൈകോയ്ക്ക് മാത്രം കിട്ടാനുളള കുടിശിക തുക 535 കോടിയാണ്. വിതരണക്കാര്‍ക്ക് നല്‍കാനുളളത് 75 കോടി വരും. മൊത്തം ബാധ്യത 1060 കോടി വരും. ഇതിനകം 70 കോടി രൂപാ മാത്രമാണു വിപണി ഇടപെടലിനു സര്‍ക്കാര്‍ അനുവദിച്ചത്. അടുത്ത ഒരു വര്‍ഷത്തേക്ക് വിപണി ഇടപെടലിന് 255 കോടിയെങ്കിലും വേണമെന്നാണു സപ്ലൈകോയുടെ നിലപാട്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനേക്കാള്‍ പരിതാപകരമാണു കണ്‍സ്യൂമര്‍ഫെഡിന്റെ അവസ്ഥ. 1039 കോടിയാണു ബാധ്യത. വിതരണക്കാര്‍ക്ക് 200 കോടി നല്‍കാനുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേക്കു വില കൂടാതിരിക്കാന്‍ സപ്ലൈകോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും സര്‍ക്കാര്‍ ഈ ബജറ്റില്‍ പ്രത്യേക സാമ്പത്തിക സഹായം തന്നേ നല്‍കേണ്ടിവരുമെന്നാണ് സൂചന.