സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരം ബാങ്കുകളില്‍ കള്ളപ്പണമുണ്ടോയെന്ന് പരിശോധിക്കാനുള്ള നീക്കവും ആദായ നികുതി വകുപ്പ് തുടങ്ങി. 50,000 രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നില്ലാത്തതിനാല്‍ മിക്ക സഹകരണ ബാങ്കുകളും 49,999 രൂപയുടെ യൂണിറ്റുകളായാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. വന്‍തുകകള്‍ ഇങ്ങനെ ചെറിയ യൂണിറ്റുകളായി ഈടാക്കി പണത്തിന്റെ ഉറവിടം വ്യക്തമാക്കാതിരിക്കാന്‍ പല ബാങ്കുകളും ഇടപാടുകാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നെന്ന് പരക്കെ ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപവും നിരീക്ഷിക്കാനും നികുതി ഈടാക്കാനും ആദായ നികുതി വകുപ്പ് തീരുമാനിച്ചത്. ഇതുവരെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ആദായ നികുതി ഈടാക്കിയിരുന്നില്ല. ഇത് തന്നെയാണ് ആളുകളെ ഇത്തരം ബാങ്കുകളിലേക്ക് ആകര്‍ഷിക്കുന്നതും.

നിലവില്‍ 500, 1000 നോട്ടുകളായി സഹകരണ ബാങ്കുകളുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കണെങ്കില്‍ കൊമേഴ്സ്യല്‍ ബാങ്കുകളെ സമീപിക്കേണ്ടി വരും. ഇങ്ങനെ സമീപിക്കുമ്പോള്‍ ഈ പണത്തിന്റെ ഉറവിടവും സഹകരണ ബാങ്കുകള്‍ വ്യക്തമാക്കണം. സഹകരണ ബാങ്കുകളുടെ ലോക്കറുകളില്‍ പണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇവ നശിപ്പിച്ചുകളയാതെ മറ്റ് വഴികളുണ്ടാവില്ല.