ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് ചിലവേറും. ചില ഇനങ്ങളിലുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തിലും വര്‍ദ്ധനവുണ്ടാകും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ ഉയര്‍ന്ന നികുതി ഈടാക്കുമെന്ന് കാണിച്ച് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ്, ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്.

നിലവില്‍ 15 ശതമാനം സേവന നികുതിയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്നത്. സേവന നികുതിക്ക് പകരം ഏകീകൃത ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ 18 ശതമാനമെന്ന നികുതി സ്ലാബിലാണ് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫലത്തില്‍ ജൂലൈ ഒന്നു മുതല്‍ ഒറ്റയടിക്ക് മൂന്ന് ശതമാനം നികുതി അധികമായി നല്‍കേണ്ടി വരും. ഉയര്‍ന്ന നിരക്ക് സംബന്ധിച്ച് എസ്.ബി.ഐ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ സംശയത്തോടെ മാത്രം കാണുന്ന ക്രെഡിറ്റ് കാര്‍ഡുകളെ ഉപഭോക്താക്കളില്‍ നിന്ന് അല്‍പം കൂടി അകറ്റാന്‍ പുതിയ നികുതി കാരണമാകുമോ എന്നും ആശങ്കയുണ്ട്. 

നികുതി വര്‍ദ്ധിക്കുന്നതിനാല്‍ ചില ഇനങ്ങളിലുള്ള ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിക്കുമെന്നും ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപയോക്താക്കളെ അറിയിച്ചു. ഇതിനും 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നതിനാലാണിത്.