ഞായാറാഴ്ച അവധി കഴിഞ്ഞ് ബാങ്ക് തുറക്കും മുമ്പേ ഇടപാടുകാരുടെ വരി ബാങ്കുകള്‍ക്ക് മുന്നില്‍ നിരന്നു. പണം എടുക്കാനും മാറ്റാനും എത്തിയ ഇടപാടുകാരുടെ തിരക്കാണ് നോട്ട് നിരോധനത്തിന്‍റെ പതിമൂന്നാം നാളിലും ബാങ്കുകളില്‍ അനുഭവപ്പെടുന്നത്‍. പ്രതിസന്ധിക്ക് തെല്ലും അയവുവരാത്ത സ്ഥിതിയാണ് ഇപ്പോഴും. പണം എടുക്കാന്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്നത് ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നത് ചില്ലറയൊന്നുമല്ല.
എ.ടി.എമ്മുകളില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. കാരണം രണ്ടായിരത്തിന്റെ നോട്ടുകളാണ് മിക്ക എ.ടി.എമ്മുകളിലും ഉള്ളത്. നൂറിന്‍റെ നോട്ടുകള്‍ കിട്ടുന്ന എടിഎമ്മുകള്‍ കുറവാണ്. ഇതോടെ ചില്ലറക്ഷാമവും രൂക്ഷമായി. അഞ്ഞൂറിന്‍റെ നോട്ട് സംസ്ഥാനത്ത് എത്തിയെങ്കിലും ഇടപാടുകാര്‍ക്ക് കിട്ടിയിട്ടില്ല. വിപണികളിലെ മാന്ദ്യവും തുടരുകയാണ്.
