പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നേട്ടമുണ്ടാക്കാന്‍ ശ്രമം വിമര്‍ശനവുമായി കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം

ദില്ലി: കടക്കെണിയില്‍ നട്ടം തിരിയുന്ന ഐഡിബിഐ ബാങ്കില്‍ 51 ശതമാനം ഓഹരി എടുക്കാനുള്ള എല്‍ ഐസിയുടെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. 38 ലക്ഷത്തിലേറെ വരുന്ന സാധാരണ ഇന്‍ഷുറന്‍സ് വരിക്കാർക്ക് എൽഐസിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ വിമർശിച്ചു. പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നേട്ടമുണ്ടാക്കാനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം, ഇത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

പൊതു മേഖലാ ബാങ്കുകളില്‍ ഏറ്റവും മോശം റെക്കോര്‍ഡാണ് ഐഡിബിഐ ബാങ്കിന്. മൊത്തം കിട്ടാക്കടം 27.95 ശതമാനം. അതായത് 55,588 കോടി രൂപ. ഈ സാഹര്യത്തിലാണ് കൂടുതല്‍ നിക്ഷേപം ഇറക്കാനുള്ള എല് ഐസിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത്. ഐഡിബിഐയില്‍ സര്‍ക്കാരിന്‍റെ ഓഹരിപങ്കാളിത്തം 85.96 ശതമാനാണ്. എല്ഐസിയുടെ ഓഹരിപങ്കാളിത്തം നിലവില്‍ 10.8 ശതമാനവും. ഇത് 51 ശതമാനം ആക്കാനാണ് എല്‍ഐസിയുടെ തീരുമാനം. 

നിയമപ്രകാരം ഇന്‍ഷുറന്‍സ് കന്പനികള്‍ക്ക് ഒരു കന്പനിയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ ,പ്രത്യകേ കേസായി പരിഗണിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി, എല് ഐസിക്ക് അനുമതി കൊടുക്കുകയായിരുന്നു. ബാങ്കിംഗ് മേഖലയില്‍ കൂടി കടന്ന് ചെന്ന് തങ്ങളുടെ ബിസിനസ് വൈവിധ്യവല്‍ക്കരിക്കാന്‍ എല്ഐസിയെ സഹായിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. 

എന്നാല്‍ 38 കോടി വരുന്ന സാധാരണക്കാരായ ഇന്‍ഷുറന്‍സ് വരിക്കാര്‍ക്ക് എല് ഐസിയിലുള്ള വിശ്വാസ്യത തകര്‍ക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്ന് കോണ്‍ഗ്രസും സിപിമ്മും പറയുന്നു പല പൊതുമേഖലാ ബാങ്കുകളും കടുത്ത പ്രതിസന്ധിയിലാണ്. ഭാവിയില്‍ ഇവയും എല്‍ഐസിയുടെ സഹായം തേടിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.