റിയാദ്: എണ്ണ വിപണിയില്‍ ഒപെക്കിന്റെ ഇടപെടല്‍ ഉറപ്പായതോടെ എണ്ണ വില കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി. വിപണിയില്‍ സ്ഥിരത കൊണ്ടുവരാനുള്ള ഏതു നടപടിയെയും സ്വാഗതം ചെയ്യുമെന്ന സൗദിയുടെ പ്രഖ്യാപനമാണു വീണ്ടും വില ഉയരാന്‍ ഇടയാക്കിയത്.

അടുത്ത മാസം 26 മുതല്‍ 28 വരെ അല്‍ജീരിയയില്‍ ചേരുന്ന ഒപെക് യോഗത്തില്‍ വില സ്ഥിരതയുമായി ബന്ധപ്പെട്ട ചില നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കുമെന്നാണു പ്രതീക്ഷ. എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിനായി ഒപെക് കൈക്കൊള്ളുന്ന ഏതു നടപടിയുമായും സഹകരിക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉല്‍പാദന നിയന്ത്രണമെന്ന നിര്‍ദേശം ഒപെക് യോഗത്തില്‍ വീണ്ടും സജീവമാകാന്‍ ഇടയുണ്ടെന്നും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്ന സൗദി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇത്തവണ തീരുമാനം അംഗീകരിക്കിച്ചേക്കുമെന്നത്തിന്റെ സൂചനയാണ് സൗദി ഊര്‍ജമന്ത്രിയുടെ പ്രസ്താവനയെന്നും ചിലര്‍ വിലയിരുത്തുന്നു.

സൗദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബ്രെന്റ് ക്രൂഡിന്റെ വില വെള്ളിയാഴ്ച 46.6 ഡോളറിലാണു വില്‍പന അവസാനിപ്പിച്ചത്. ഉല്‍പാദന നിയന്ത്രണത്തിനായി റഷ്യയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം തുടക്കത്തില്‍ ഊര്‍ജിത ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ റെക്കോര്‍ഡ് ഉത്പാദനമാണു കഴിഞ്ഞ മാസം നടത്തിയത്. ഇതിനിടയിലും എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിനായി ഒപെക് വീണ്ടും യോഗം ചേരുമെന്ന പ്രഖ്യാപനവും സൗദിയുടെ അനുകൂല നിലപാടുമാണ് താഴേക്കു പൊയ്‌ക്കൊണ്ടിരുന്ന എണ്ണ വില കഴിഞ്ഞ വാരം അല്‍പം മുകളിലേക്കുയര്‍ത്തിയത്.