500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ഒരുമാസം തികയുമ്പോള്‍ സംസ്ഥാനത്തെ വ്യാപാര മേഖലയില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. ഇത് സാമ്പത്തിക മേഖലയും പ്രതിഫലിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 17 ശതമാനമായിരുന്ന നികുതി വളര്‍ച്ച 13.2 ആയി കുറഞ്ഞു. 3,028.5 കോടിയില്‍ നിന്ന് നികുതി വരുമാനം 2,746.51 ആയി. അതായത് നാല് ശതമാനത്തിന്റെ കുറവുണ്ടായി. അടുത്തമാസം ഇത് പത്തിലും താഴെയാകുമെന്നാണ് ആശങ്ക. ഏറ്റവും അധികം വരുമാനം പ്രതീക്ഷിച്ച ലോട്ടറി മേഖലയില്‍ 31 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണുണ്ടായത്.
ഒക്ടോബറില്‍ 735.33 കോടി വിറ്റുവരുണ്ടായിരുന്ന ലോട്ടറിക്ക് കഴിഞ്ഞമാസം കിട്ടയിത് 372.7 കോടി മാത്രം. രജിസ്‍ട്രേഷന്‍ വരുമാനം ഒറ്റമാസം കൊണ്ട് 100 കോടി കുറഞ്ഞു. ഒക്ടോബറില്‍ 250.23 കോടി രൂപ കിട്ടിയെങ്കില്‍ നവംബറില്‍ 151.44 കോടി മാത്രമാണ് വരുമാനം. എക്‌സൈസ് മേഖലയിലും പ്രതീക്ഷിച്ച വര്‍ദ്ധനവില്ല. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 154.2 കോടി രൂപ നികുതി ഇനത്തില്‍ കിട്ടിയപ്പോള്‍ ഈ വര്‍ഷം അത് 158.39 കോടിയാണ്. അതായത് വളര്‍ച്ച 2.7 ശതമാനം മാത്രം. വ്യാപാര മേഖലയില്‍ കടുത്ത മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിത്യ ചെലവുകളെ പോലും ബാധിക്കുന്ന വിധത്തില്‍ സാമ്പത്തിക പ്രതിസന്ധി വളന്നു കഴിഞ്ഞെന്നാണ് ധനവകുപ്പ് പറയുന്നത്.
