നോട്ടുകള്‍ നിരോധിച്ച് 10 ദിവസം പിന്നിടുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട നികുതിവരുമാനത്തിലും കുത്തനെ കുറവുണ്ടായിരിക്കുകയാണ്. നോട്ട് നിരോധനം സാധാരണക്കാരെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. അവരാകട്ടെ കയ്യിലുള്ള പണം സൂക്ഷിച്ചുപയോഗിച്ച് പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നു. ഇതോടെ ചെറുകിട മാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനം താളം തെറ്റി. ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ ഇനിയും മാസങ്ങളെടുക്കും. ആയിരം അഞ്ഞൂറ് നോട്ടുകളുടെ നിരോധനുണ്ടാക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും ഇവയാണ്...
ഭാവിയിലെ നേട്ടങ്ങള്‍
നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞ് കൂടി. നിക്ഷേപം കൂടിയതോടെ നിക്ഷേപ-വായ്പാ പലിശകളില്‍ വലിയ കുറവ് വരും. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം എല്ലാ മേഖലയിലും ചിലവ് കുറയ്ക്കുന്നതിനും കാരണമായിട്ടുണ്ട്. കള്ളപ്പണം നിര്‍ജ്ജീവമാകും എന്നത് മാത്രമല്ല ഇനിയുള്ള എല്ലാ ഇടപാടുകളും അംഗീകൃത ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ വരുമെന്നതും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സഹായകരമാകും. കൂടുതല്‍ പണം ബാങ്കുകളിലെത്തുന്നതോടെ ഉദ്പാദന ക്ഷമത വര്‍ദ്ധിക്കുകയും കൂടുതല്‍ വികസന പദ്ധതികളും വ്യവസായങ്ങളും ഉണ്ടാകുമെന്നതും നേട്ടമാണ്.
ബാധിക്കുന്നത് സാധരണക്കാരെ
താഴെ തട്ടിലുള്ള തൊഴിലാളികള്‍ക്ക് പണിയില്ലാതായി. നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ബാങ്കില്‍ നിന്ന് മാറിയെടുക്കാനും പിന്‍വലിക്കാനുമുള്ള പണത്തിന് പരിധി വച്ചതോടെ മാറിയെടുക്കുന്ന പണം വിപണിയിലേക്കെത്തുന്നത് കുറഞ്ഞു. ഇന്ത്യന്‍ കറന്‍സി മാറി നല്‍കാന്‍ ഏജന്‍സികള്‍ തയ്യാറാവാത്തതോടെ വിദേശത്തുനിന്നുള്ള പണത്തിന്റെ വരവും കുറഞ്ഞു. ഭൂമി വിലയില്‍ നാല്‍പ്പത് ശതമാനം വരെ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
