രാജ്യത്ത് പിന്‍വലിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. പെട്രോള്‍ പമ്പുകളും ആശുപത്രികളും അടക്കം നേരത്തെ അളവു നല്‍കിയ സ്ഥാപനങ്ങള്‍ക്കൊപ്പം വാട്ടര്‍ അതോരിറ്റിയും ബി.എസ്.എന്‍.എല്ലും പഴയ നോട്ടുകള്‍ സ്വീകരിക്കും. എന്നാല്‍ ഇന്ന് വൈകുന്നേരം വരെ മാത്രമേ ബാങ്കുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുകയുള്ളൂ. ഇതിന് ശേഷം കൈവശമുള്ള നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് മാത്രമേ മാറ്റിയെടുക്കാന്‍ കഴിയൂ. 

കറന്‍സി നോട്ടുകളുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് വെള്ളക്കരം അടയ്‌ക്കാനുള്ള തീയ്യതി ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. ജലവിഭവ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു വൈകുന്നേരം വരെ വാട്ടര്‍ അതോരിറ്റി കൗണ്ടറുകളില്‍ പഴയ 500, 1000 നോട്ടുകളും സ്വീകരിക്കും. രാജ്യത്തെ എല്ലാ ബി.എസ്.എന്‍.എല്‍ ഓഫീസുകളിലും ഇന്ന് പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എ.ടി.എം കൗണ്ടറുകള്‍ തുറന്നെങ്കിലും പലതിലും ഉച്ചയോടെ മാത്രമേ പണം എത്തിയിട്ടുള്ളൂ. ഒരാള്‍ക്ക് ബാങ്കു വഴി പ്രതിദിനം 4000 രൂപ മാത്രമാണ് മാറ്റി നല്‍കുന്നത്. എന്നാല്‍ അക്കൗണ്ടിലേക്ക് എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. ബാങ്കുകളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പണം സ്വീകരിക്കും. എ.ടി.എം വഴി ഇപ്പോള്‍ പ്രതിദിനം 2000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക.