ദില്ലി: കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം കോടി രൂപയാണ് രാജ്യത്തെ വിവിധ ബാങ്കുകള്‍ കിട്ടാക്കടം എന്ന പേരില്‍ എഴുതിത്തള്ളിയത്. വന്‍കിടക്കാര്‍ക്ക് 78,544 കോടി രൂപയുടെ തിരിച്ചടവ് ഇളവ് ഇളവു ചെയ്തു നല്‍കി. ഇതിന് പുറമെയാണ് 71,372 കോടി രൂപ എഴുതി തള്ളിയത്. 

വ്യാവസായിക മേഖലയില്‍ നിന്നുള്ള കിട്ടാക്കടം 228 ശതമാനത്തിലധികം വര്‍ധിച്ചതു ബാ‌ങ്കിങ്ങ് മേഖലയെ ഒന്നാകെ തളര്‍ത്തുമെന്ന ആശങ്കയിലാണു റിസര്‍വ് ബാങ്ക്. 2015 മാര്‍ച്ചില്‍ കി‌ട്ടാക്കടം 3.63 ലക്ഷം കോടിയായിരുന്നത് അടുത്ത വര്‍ഷം 8.28 ലക്ഷം കോ‌ടിയായായി പെരുകി. 27 പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ മേഖലയിലെ 21 പ്രമുഖ ബാങ്കുകളുടെയും കണക്കാണിത്. ഇതേസമയം, കിട്ടാക്കടം എന്ന് പറയാതെ പല പേരുകളിലും വിഭാഗങ്ങളിലുമാക്കി വിഭ‌ജിച്ച് കാണിച്ച് കി‌‌ട്ടാക്കടത്തിന്റെ ഗൗരവം കുറയ്‌ക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നുണ്ട്. കിട്ടാക്കടങ്ങളുടെ പട്ടികയില്‍ സാധാരണക്കാരുടെ വായ്പകള്‍ നാമമാത്രമാണ്. പണം തിരിച്ചടയ്ക്കാതെ മുങ്ങുന്നത് മുഴുവന്‍ വന്‍കിട വ്യാപാരികളും ബിസിനസുകാരുമൊക്കെയാണ്. കാര്‍ഷിക, ചെറുകിട വ്യവസായ, ഭവനനിര്‍മാണ മേഖലകള്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗത്തിലുള്ള വായ്പകളില്‍ കിട്ടാക്കടത്തിന്റെ വളര്‍ച്ച വളരെ കുറവാണ്. ബാങ്കിലെത്തുന്ന നിക്ഷേപത്തിന്റെ 40% സാധാരണക്കാര്‍ക്ക് വായ്പ നല്‍കാനാണു വിനിയോഗിക്കുന്നത്.