സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന സത്യവാംങ്മൂലം ജില്ലാ സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ചെക്ക് വഴി പിന്‍വലിക്കാവുന്ന തുകയ്ക്ക് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ദില്ലിയുള്‍പ്പടെയുള്ള നഗരങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. അസാധുവാക്കിയ 1000ത്തിന്റെയും 500ന്റെയും നോട്ടുകളില്‍ ഭൂരിഭാഗവും ബാങ്കുകളിലേക്ക് തിരിച്ചെത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുന്നു.

സഹകരണ ബാങ്കുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന സത്യവാംങ്മൂലമാണ് ജില്ലാ സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. കള്ളനോട്ട് കണ്ടെത്താനുള്ള സംവിധാനം സഹകരണ ബാങ്കുകളിലുമുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നതെന്ന് സത്യവാംങ്മൂലത്തില്‍ പറയുന്നു. കെ.വൈ.സി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന നബാര്‍ഡ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സഹകരണ ബാങ്ക് കേസ് പരിഗണിക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നാലെ ഉണ്ടായ നോട്ട് പ്രതിസന്ധി ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തുടരുകയാണ്.