മുംബൈ: വെള്ളിയാഴ്ച്ച വ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഇന്ന് രൂപയുടെ മൂല്യം 73 ന് താഴേക്കെത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.84 എന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്ന് 61 പൈസയുടെ നേട്ടമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

ഡോളറിനെതിരെ കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 73.45 എന്ന നിലയിലായിരുന്നു ഇന്നലെ രൂപയുടെ മൂല്യം. ഇന്നലെ 50 പൈസയുടെ നേട്ടമാണ് ഇന്ത്യന്‍ രൂപ കൈവരിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില തകര്‍ന്നടിഞ്ഞതും ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും ഡോളര്‍ വിറ്റഴിച്ചതും ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയര്‍ത്തി. 

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. ബാരലിന് 73.29 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ വില. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് വലിയ നേട്ടമുണ്ടായി. ബിഎസ്ഇ സെന്‍സെക്സ് ഇന്ന് 280 പോയിന്‍റ് ഉയര്‍ന്ന് 34,703.35 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇന്ന് വലിയ നേട്ടമുണ്ടായി.