മുംബൈ: എല്‍.ഐ.സി പോളിസികള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നെന്ന് മുന്നറിയിപ്പ്. പോളിസികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എസ്.എം.എസ് സംവിധാനം ഇതുവരെയും എല്‍.ഐ.സി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ പ്രകാരം വിവരങ്ങള്‍ കൈമാറരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.

എല്‍.ഐ.സിയുടെ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. പോളിസി ഉടമകള്‍ പ്രത്യേക ഫോര്‍മാറ്റില്‍ തങ്ങളുടെ ആധാര്‍ നമ്പറുകള്‍ എസ്.എം.എസ് അയക്കണമെന്നാണ് സന്ദേശത്തിലെ ആവശ്യം. എന്നാല്‍ ഇത്തരമൊരു സംവിധാനം ആധാര്‍ ബന്ധിപ്പിക്കുന്നതിനായി എല്‍.ഐ.സി ഏര്‍പ്പെടുത്തിയിട്ടില്ല. മറ്റാരോ വ്യാജമായി തയ്യാറാക്കിയ സന്ദേശം കണ്ട് ആധാര്‍ നമ്പര്‍ കൈമാറരുതെന്ന് എല്‍.ഐ.സി മുന്നറിപ്പ് നല്‍കി. ഭാവിയില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അക്കാര്യം എല്‍.ഐ.സിയുടെ ഔദ്ദ്യോഗിക വെബ്സൈറ്റ് വഴി അറിയിക്കും.

എല്ലാ കമ്പനികളിലെയും ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിനായി വിവിധ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.