താൻ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി ഒരു അച്ഛൻ കൂടിയായതുകൊണ്ട് ഈ ക്രൂരമായ തന്ത്രത്തോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് പത്താൻ എക്സ് പോസ്റ്റില്‍ കുറിച്ചു.
ന്യൂചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശിയെ തളയ്ക്കാൻ ഗുജറാത്ത് ടൈറ്റൻസ് സ്വീകരിച്ച കടുത്ത തന്ത്രങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കരിയറിന്റെ തുടക്കത്തിലുള്ള ഒരു കൗമാരക്കാരനെതിരെ ഗുജറാത്ത് ബൗളർമാർ ശരീരം ലക്ഷ്യമാക്കി തുടർച്ചയായി 'ബോഡി ലൈൻ' ബൗൺസറുകൾ എറിഞ്ഞതിനെയാണ് ഇർഫാൻ പത്താൻ രൂക്ഷമായി വിമർശിച്ചത്.
താൻ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി ഒരു അച്ഛൻ കൂടിയായതുകൊണ്ട് ഈ ക്രൂരമായ തന്ത്രത്തോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് പത്താൻ എക്സ് പോസ്റ്റില്‍ കുറിച്ചു. മത്സരത്തിനിടയിൽ ഗുജറാത്ത് പേസറായ കാഗിസോ റബാഡയുടെയും മുഹമ്മദ് സിറാജിന്റെ കടുത്ത ബോഡി-ലൈൻ ബൗളിംഗിനെയാണ് വൈഭവിന് നേരിടേണ്ടി വന്നത്. റബാഡ എറിഞ്ഞ മാരകമായൊരു ബൗൺസർ വൈഭവിന്റെ ഹെൽമറ്റിൽ വന്നിടിക്കുകയും, തുടർന്ന് താരത്തെ കൺകഷൻ ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ഓവറിൽ സിറാജും വൈഭവിന്റെ നെഞ്ചിന് നേരെ ബൗൺസറുകൾ എറിഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇർഫാൻ പത്താൻ തുറന്നടിച്ചത്.
15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ തടയാൻ വേണ്ടി ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് എനിക്ക് ഒട്ടും ശരിയായി തോന്നുന്നില്ല. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് എനിക്കറിയാം, പക്ഷേ എന്റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു ഇര്ഫാന് പത്താന് കുറിച്ചത്.
ടോപ്പ് ഓർഡറും മിഡിൽ ഓർഡറും പൂർണ്ണമായി പരാജയപ്പെട്ട മത്സരത്തിൽ 15-കാരനായ വൈഭവ് സൂര്യവംശി രാജസ്ഥാന്റെ രക്ഷകനാവുകയായിരുന്നു. എട്ട് ഫോറുകളും ഏഴ് കൂറ്റൻ സിക്സറുകളും പറത്തി 204.26 സ്ട്രൈക്ക് റേറ്റിൽ 47 പന്തിൽ 96 റൺസ്സടിച്ചാണ് വൈഭവ് രാജസ്ഥാന്റെ ടോപ് സ്കോററായത്. ഗുജറാത്തിനോട് തോറ്റ് രാജസ്ഥാൻ പുറത്തായെങ്കിലും ഗുജറാത്ത് ബൗളര്‍മാരുടെ ബോഡ് ലൈന്‍ ബൗളിംഗിനെ പോലും അതിജീവിച്ച് ഐപിഎല്ലിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വൈഭവിന്റെ പോരാട്ടവീര്യത്തെയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ അഭിനന്ദിക്കുന്നത്.
