ദില്ലി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എം.ടി.എസ് മൊബൈല്‍ കമ്പനിയുടെ ഉടമസ്ഥരായ സിസ്റ്റെമ ശ്യാം ടെലിസര്‍വീസസും തമ്മിലുള്ള ലയനത്തിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അംഗീകാരം നല്‍കി. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ അനുസരിച്ച് എം.ടി.എസിന്റെ മൊബൈല്‍ ബിസിനസ് റിലയന്‍സിനു ലഭിക്കും. റിലയന്‍സിന്റെ പത്ത് ശതമാനം ഓഹരികളാണ് സിസ്റ്റെമ ശ്യാം സ്വന്തമാക്കുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ എം.ടി.എസിനുള്ള 20 ലക്ഷത്തോളം വരിക്കാരും 700 കോടി രൂപ വരുമാനവും 800/850 മെഗാഹെട്സ് സ്‌പെക്ട്രത്തിന്റെ 30 മെഗാഹെട്സ് യൂണിറ്റും റിലയന്‍സിനു പുതുതായി കിട്ടും. 4ജി സേവനം നല്‍കാന്‍ അനിയോജ്യമായ സ്പെക്ട്രമാണിത്. സ്‌പെക്ട്രത്തിന്റെ വിലയായി കേന്ദ്ര സര്‍ക്കാരിന് എം.ടി.എസ് കൊടുക്കാനുള്ള 390 കോടി രൂപ റിലയന്‍സ് കൊടുത്തുതീര്‍ക്കും.