മുംബൈ: ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ സ്വകാര്യ തൊഴില്‍ ദാതാക്കളില്‍ മിക്കവര്‍ക്കും കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ താല്‍പര്യമില്ല. 13 ശതമാനം കമ്പനികള്‍ മാത്രമാണ് ഇക്കാലയളവില്‍ കൂടുതല്‍ നിയമനം നടത്താന്‍ പദ്ധതിയിടുന്നത്. 61 ശതമാനം തൊഴില്‍ദാതാക്കള്‍ക്കും അവരുടെ ജീവനക്കാരുടെ എണ്ണം അതേപടി നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഇന്ത്യയുടെ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയുടെ സൂചന നല്‍കുന്ന സര്‍വേ തയ്യാറാക്കിയത് മാന്‍പവര്‍ എംപ്ലോയ്മെന്‍റ് ഔട്ട്‍ലുക്കാണ്. ആറ് മാസം കൂടുമ്പോഴാണ് മാന്‍ പവര്‍ സര്‍വേ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുളള 4,951 സംരംഭങ്ങളാണ് സര്‍വേയുടെ ഭാഗമായത്. 

സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 26 ശതമാനം കമ്പനികള്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയ്ക്കേണ്ടി വന്നേക്കുമെന്ന് പ്രതികരിച്ചത് ആശങ്കയുണര്‍ത്തുന്നതാണ്. ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പരിഹരിക്കുന്നതിന് രണ്ട് ഉന്നത മന്ത്രിതല സമിതി രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയമനം കുറയുമെന്നുളള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയാണ് ഇരു സമിതികളുടെയും അദ്ധ്യക്ഷന്‍.