ഇറാന്‍റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദില്ലി: ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ഭീഷണി കടുപ്പിച്ച് അമേരിക്ക രംഗത്ത്. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ് നില്‍കുന്നത്. 

ഇറാന്‍റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസ് സമ്മര്‍ദ്ദത്തെ മറികടന്ന് ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി പുന:സ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്. 

നവംബറിലാണ് ഇറാനു മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പടെയുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് ഭാഗികമായി മേയ് രണ്ട് വരെ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എന്ന നിലയ്ക്കാണ് ഇളവുകള്‍ അനുവദിച്ചത്. ഈ കാലവധി അവസാനിച്ചതോടെ മേയ് രണ്ടിന് ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ്ണ ഉപരോധം നടപ്പായി.