ദില്ലി: സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണ (ആര്‍സിഇപി) കരാറിലുള്‍പ്പെടുത്തി പാലും പാല്‍ ഉള്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് അമുല്‍. ന്യൂസിലന്‍ഡ് ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്ന് പാല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് നടത്താനിരിക്കുന്ന ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്നും അമുല്‍ വ്യക്തമാക്കി. 

ഇന്ത്യയിലെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പാല്‍ ഉല്‍പ്പാദന സ്ഥാപനമാണ് അമുല്‍. ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി നിരക്ക് കുറയ്ക്കാനുളള തീരുമാനം വിലകുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്നും ഇത് രാജ്യത്തെ ക്ഷീര കര്‍ഷകരുടെ ജീവിതം വഴിമുട്ടിക്കുമെന്നും വ്യക്തമാക്കി അമുല്‍ ചെയര്‍മാന്‍ ദിലീപ് രഥ് കേന്ദ്ര വാണിജ്യ സെക്രട്ടറി അനൂപ് വാധ്വാനും മൃഗക്ഷേമ സെക്രട്ടറി അതുല്‍ ചതുര്‍വേദിക്കും കത്ത് എഴുതി.   

ഇന്ത്യ പാല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇറക്കുമതി ആശ്രയത്വത്തിലേക്ക് വഴുതി വീഴുമെന്നും പോഷക സുരക്ഷയെ ഈ നടപടി അപകടത്തിലാക്കുമെന്നും കത്തില്‍ ദിലീപ് രഥ് ആശങ്കപ്പെടുന്നു. ആസിയാന്‍ രാജ്യങ്ങള്‍, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍റ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്ന കരാറാണ് സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണം (ആര്‍സിഇപി).