Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സാമ്പത്തികസ്ഥിതി വെച്ച് പ്രായപൂര്‍ത്തിയായ എല്ലാവരും അധ്വാനിക്കേണ്ടതുണ്ട്: അരവിന്ദ് പനഗരിയ

ഉയര്‍ന്ന ഉല്‍പാദന ശേഷിയും വേതനവുമുളള തൊഴിലുകളുടെ സൃഷ്ടിക്കാണ് ഇനി നമ്മള്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും പനഗരിയ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. 

arvind panagariya words about unemployment in India
Author
New Delhi, First Published Apr 5, 2019, 3:54 PM IST

ദില്ലി: തൊഴിലില്ലായ്മയല്ല, മറിച്ച് മതിയായ തൊഴില്‍ നല്‍കാനില്ലാത്തതാണ് ഇന്ത്യ നേരിടുന്ന പ്രശ്നമെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. ഉല്‍പാദനക്ഷമത തീരെക്കുറഞ്ഞ ജോലികളിലാണ് ഇന്ത്യക്കാര്‍ കൂടുതലും കേന്ദ്രീകരിച്ചിരുക്കുന്നത്, അതിനാല്‍ ഇത്തരം ജോലികള്‍ക്ക് വേതനവും കുറവാണ്. രാജ്യത്തെ വ്യക്തികളുടെ ജീവിത നിലവാരം ഇടിയുന്നതിനും ദരിദ്രാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനും പ്രധാന കാരണം ഇതാണ്. ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിവെച്ച് ഏറെക്കുറെ പ്രായപൂര്‍ത്തിയായ എല്ലാവരും അധ്വാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഉയര്‍ന്ന ഉല്‍പാദന ശേഷിയും വേതനവുമുളള തൊഴിലുകളുടെ സൃഷ്ടിക്കാണ് ഇനി നമ്മള്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും പനഗരിയ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഇന്ത്യ പുറത്തുവിടുന്ന വിവരങ്ങള്‍ കൃത്രിമമാണെന്ന വാദം തെറ്റാണ്, അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും അടക്കമുളള സ്ഥാപനങ്ങള്‍ ഇന്ത്യ നല്‍കുന്ന ഔദ്യോഗിക വിവരങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇത്തരം വിവരങ്ങളുടെ വിശ്വാസ്യതയില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അവയില്‍ ഏതെങ്കിലും തരത്തില്‍ തെറ്റുള്ളതായി ഇത്തരം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പറഞ്ഞിട്ടുമില്ല. 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി പ്രായോഗികമാക്കാന്‍ വിഷമമുളളതാണെന്ന് പനഗരിയ പറഞ്ഞു. സബ്സിഡികളില്‍ അനിവാര്യമായത് മാത്രം നിലനിര്‍ത്തുകയും ബാക്കിയുളളവ വെട്ടിച്ചുരുക്കുകയും നികുതി വര്‍ധിപ്പിച്ചും മാത്രമേ ഇത്തരമൊരു പദ്ധതിക്ക് പണം കണ്ടെത്താന്‍ കഴിയുകയൊള്ളു. എന്നാല്‍, അതൊന്നും ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് തന്നെ പറയുന്നതും പനഗരിയ അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios