Asianet News MalayalamAsianet News Malayalam

ഇത് ബാങ്ക് വായ്പയെടുക്കാന്‍ ഏറ്റവും 'നല്ലകാലം': പലിശ നിരക്കുകളില്‍ വന്‍ കുറവുണ്ടായേക്കും

ഏപ്രില്‍ ഒന്ന് മുതല്‍ റിപ്പോ നിരക്ക് പോലുളള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് നിര്‍ണയിക്കണമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച ചേര്‍ന്ന ധനനയ അവലോകന യോഗത്തില്‍ ഈ നിര്‍ദേശം നടപ്പാക്കാനുളള തീയതി നീട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. 

bank loan interest rate may decrease due to decline in repo rates declared by reserve bank
Author
Thiruvananthapuram, First Published Apr 10, 2019, 10:37 AM IST

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും കുറവ് വരുത്തിയതോടെ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കില്‍ കുറവിന് കളമൊരുങ്ങി. എസ്ബിഐ ഇന്ന് മുതല്‍ വായ്പയുടെ പലിശ നിരക്കുകള്‍ കുറയുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയായി റിപ്പോ നിരക്കില്‍ 0.25 ശതമാനം വീതമാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയത്. 

ഇതോടെ റിസര്‍വ് ബാങ്കിന്‍റെ പലിശ നിരക്കില്‍ 0.50 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിലവില്‍ ആറ് ശതമാനമാണ്. 

ഏപ്രില്‍ ഒന്ന് മുതല്‍ റിപ്പോ നിരക്ക് പോലുളള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് നിര്‍ണയിക്കണമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച ചേര്‍ന്ന ധനനയ അവലോകന യോഗത്തില്‍ ഈ നിര്‍ദേശം നടപ്പാക്കാനുളള തീയതി നീട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക് റിപ്പോ നിരക്കിന്‍റെ അടിസ്ഥാനത്തിലാക്കിയാല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടി വരും. 

2016 ഏപ്രില്‍ മുതല്‍ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങിന് (എംസിഎല്‍ആര്‍) സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പയുടെ പലിശ നിര്‍ണയിക്കുന്നത്. ഈ പലിശ കണക്കാക്കല്‍ രീതി മാറ്റണമെന്നാണ് റിസര്‍വ് തല്‍പര്യപ്പെടുന്നത്. 

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്ന് എസ്ബിഐ വായ്പ പലിശ നിരക്കില്‍ നിലവില്‍ 0.10 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്. നിലവിലെ അടിസ്ഥാന പലിശ നിര്‍ണയ രീതിയായ എംസിഎല്‍ആറില്‍ 0.05 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്. വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും വായ്പ പലിശ നിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് സൂചന. എസ്ബിഐയെ കൂടാതെ എച്ച് ഡി എഫ് സി, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളും എംസിഎല്‍ആറില്‍ കുറവ് വരുത്തിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios