ഇത് നികുതി നിരക്ക് കുറയ്ക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുളള പദ്ധതികള്‍ക്കുമായി വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന ബജറ്റ് കമ്മി നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനക്കമ്മി ലക്ഷ്യമിടല്‍ 3.3 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.

ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ ലക്ഷ്യം 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്ന മാന്ദ്യം നികുതി ശേഖരണത്തില്‍ ഇടിവുണ്ടാക്കുകയും ഉണര്‍വ് വീണ്ടെടുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്ന അഭിപ്രായം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കണമെന്നും നിക്ഷേപം വര്‍ധിപ്പിക്കാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും ബിസിനസ് ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം റോഡ്, ഭവന പദ്ധതികള്‍ക്കുളള ചെലവഴിക്കല്‍ വര്‍ധിപ്പിക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാണ്. 

ഇതോടെ ബജറ്റിലെ ധനക്കമ്മി ലക്ഷ്യം 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കും. ഈ വ്യത്യാസം സര്‍ക്കാരിന് 420 ബില്യണ്‍ രൂപ ലഭ്യമാക്കും. ഇത് നികുതി നിരക്ക് കുറയ്ക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുളള പദ്ധതികള്‍ക്കുമായി വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.