ബെയ്ജിംഗ്: വ്യാപാര യുദ്ധം ചെയ്യാനുളള ചൈനയുടെ കരുത്തിനെ കുറച്ച് കാണേണ്ടെന്ന് യുഎസിന് മുന്നറിയിപ്പ് നല്‍കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂല മാധ്യമം. നീണ്ട സാമ്പത്തിക യുദ്ധത്തിന് ബെയ്ജിംഗ് തയ്യാറാണെന്നും കമ്മ്യൂണിസ്റ്റ് അനുകൂല മാധ്യമമായ ക്യൂഷി വ്യക്തമാക്കി. യുഎസ് -ചൈന വ്യാപാര സംഘര്‍ഷത്തില്‍ ഉടനൊന്നും പരിഹാരമാകില്ലെന്ന കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നതാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം. 

ചൈനയിലെ ജനങ്ങളുടെ മനക്കരുത്തിനെ വിലകുറച്ച് കാണരുതെന്നും അമേരിക്കയുമായുളള തര്‍ക്കം അവസാനിപ്പിക്കാന്‍ പ്രധാന തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പത്രം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച യുഎസ്- ചൈന വ്യാപാര യുദ്ധം ഈ മേയ് മാസത്തില്‍ കൂടുതല്‍ വഷളായി. ഇതിനിടെ കഴിഞ്ഞ ദിവസം ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‍ലോ വ്യാപാര യുദ്ധത്തിന്‍റെ സാമ്പത്തിക ഭാരം വൈകാതെ ചൈനയിലേക്ക് നീങ്ങുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 

പ്രശ്ന പരിഹാര ചര്‍ച്ചകളുടെ ഭാഗമായി ചൈന നല്‍കിയ ഉറപ്പുകള്‍ അവര്‍ പാലിച്ചില്ലെന്നും കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഒരു യുദ്ധം നേരിടനുളള ചൈനയുടെ ശക്തിയെ ആരും വിലകുറിച്ച് കാണരുത്, ചൈനീസ് സാങ്കേതിക മുന്നേറ്റത്തിന് തടയിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു. 

സാമ്പത്തികവും വാണിജ്യപരവുമായ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കത്തക്ക തരത്തില്‍ അമേരിക്ക നടത്തുന്ന ഭീഷണിയെയോ സമ്മര്‍ദ്ദത്തെയോ ചൈന ഭയപ്പെടുന്നില്ല, രക്ഷപെടാന്‍ മറ്റ് വഴികളൊന്നും ഇല്ലാത്തതിനാല്‍ അവസാനം വരെ പൊരുതുമെന്നും പത്രം ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.