തിരുവനന്തപുരം: സംസ്ഥാനത്തെ വേനല്‍ച്ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗവും റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. കെഎസ്ഇബിയുടെ കണക്ക് പ്രകാരം ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ഉപയോഗം റിക്കോര്‍ഡ് ഭേദിച്ചു. 85.8957 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ചൊവ്വാഴ്ച ഇത് 84.2151 ദശലക്ഷം യൂണിറ്റായിരുന്നു. 

സംസ്ഥാനത്ത് 26.885 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിച്ചപ്പോള്‍. പുറത്ത് നിന്ന് കേരളത്തിന് 59.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങേണ്ടി വന്നു. ഇതിലും റെക്കോര്‍ഡ് വര്‍ധനയാണുണ്ടായത്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ജലമാണ് ശേഷിക്കുന്നത്. 

കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ മൂലമറ്റം  നിലയത്തിലെ പ്രതിദിന ഉല്‍പാദനവും ഉയര്‍ത്തി. ശരാശരി 8.85 ദശലക്ഷം യൂണിറ്റ് ഉല്‍പാദനം നടന്നിരുന്ന നിലയത്തില്‍ ഇന്നലെ 12.092 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദിപ്പിച്ചത്. ഈ നിലയില്‍ ഉപഭോഗം ഉയര്‍ന്നാല്‍ വൈദ്യുതി ക്ഷാമം കേരളത്തെ പിടികൂടുമെന്ന ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.