2017ല്‍ 3,55,994 എണ്ണം കള്ളനോട്ടുകളാണ് പിടികൂടിയത്. അതേസമയം, 2016ല്‍ 2,81,839 കള്ളനോട്ടുകളാണ് പിടികൂടിയത്. 26 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ദില്ലി: നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് ഇരട്ടി കള്ളനോട്ടുകള്‍ പിടികൂടിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ല്‍ 28.1 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. 2016ല്‍ 15.9 കോടി രൂപയുടെ കള്ളനോട്ടാണ് രാജ്യത്ത് പിടികൂടിയത്. 2017ല്‍ പിടികൂടിയ കള്ളനോട്ടുകളില്‍ 14.97 കോടി രൂപയുടേതും 2000 രൂപയുടേതാണ്.
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. 2017ല്‍ 3,55,994 എണ്ണം കള്ളനോട്ടുകളാണ് പിടികൂടിയത്. അതേസമയം, 2016ല്‍ 2,81,839 കള്ളനോട്ടുകളാണ് പിടികൂടിയത്. 26 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധിച്ചത്.
ഗുജറാത്തിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. ഒമ്പത് കോടി രൂപയാണ് പിടികൂടിയത്. ദില്ലിയില്‍ 6.7 കോടി രൂപയും ഉത്തര്‍പ്രദേശില്‍ 2.8 കോടി രൂപയും ബംഗാളില്‍ 1.9 കോടി രൂപയുമാണ് പിടികൂടിയത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(181). ബംഗാള്‍(146), മഹാരാഷ്ട്ര(75), ഗുജറാത്ത്(71) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
Last Updated 22, Oct 2019, 10:18 PM IST