തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിനായി ജിഎസ്ടിക്ക് മേല്‍ ഒരു ശതമാനം പ്രളയ സെസ് ജൂലൈ ഒന്ന് മുതല്‍ ഈടാക്കാന്‍ സര്‍ക്കാരിനാകില്ല. പ്രളയ സെസ് ഈടാക്കണമെങ്കില്‍ കേന്ദ്ര ജിഎസ്ടി സമിതിയുടെ ഉത്തരവ് ലഭിക്കണം. ഉത്തരവ് ലഭിച്ചാലും സെസ് പിരിക്കത്തക്ക തരത്തില്‍ വ്യാപാരികളുടെ സോഫ്റ്റ്‍വെയറില്‍ മാറ്റം വരുത്താന്‍ ആഴ്ചകള്‍ വേണ്ടിവരും. ഇതോടെ ജൂലൈ ഒന്ന് മുതല്‍ പ്രളയസെസ് നടപ്പാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. 

ഉല്‍പ്പന്നത്തിന്‍റെ ബില്‍ തുകയുടെ മുകളില്‍ ജിഎസ്ടി ചുമത്തിയ ശേഷം സെസ് ഈടാക്കണമോ, അതോ ബില്‍ തുകയുടെ മുകളില്‍ സെസ് ഈടാക്കിയ ശേഷം ജിഎസ്ടി ചുമത്തണമോ, എന്നതിലാണ് സംശയം നിലനില്‍ക്കുന്നത്. ആദ്യത്തെ രീതിയാണെങ്കില്‍ സെസായി പിരിഞ്ഞുകിട്ടുന്ന തുക കേന്ദ്രവുമായി പങ്കുവയ്ക്കേണ്ടി വരും. ഇങ്ങനെയായാല്‍ ഒരു ശതമാനം സെസിന്‍റെ പകുതി (0.50 ശതമാനം) മാത്രമേ സംസ്ഥാന സര്‍ക്കാരിന് ലഭിക്കൂ. എന്നാല്‍, ജിഎസ്ടി കണക്കാക്കും മുമ്പേ സെസ് ഈടാക്കിയാല്‍ സെസ് തുകയുടെ പൂര്‍ണമായ പ്രയോജനം കേരള സര്‍ക്കാരിന് ലഭിക്കും. രണ്ട് രീതിയാണെങ്കിലും ഉപഭോക്താവിന് ഓരേ തുകയാകും നല്‍കേണ്ടി വരിക. 

ബില്‍ തുകയിന്മേല്‍ മാത്രമായി ഒരു ശതമാനം സെസ് ഈടാക്കിയ ശേഷം ജിഎസ്ടി ചുമത്താന്‍ അനുവദിക്കുന്ന ഉത്തരവാണ് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയം ബജറ്റ് തയ്യാറാക്കുന്ന തിരക്കുകളിലായതിനാല്‍ നടപടി നീണ്ടുപോയേക്കും. ഡീലര്‍മാര്‍ തമ്മിലുളള ഇടപാടുകള്‍ക്ക് (ബിടുബി) സെസ് ബാധകമല്ല. ഉപഭോക്താവുമായുളള ഇടപാടുകള്‍ക്ക് മാത്രമാണ് (ബിടുസി) ബാധകമാകുന്നത്. പ്രളയ സെസിലെ ഇത്തരം വ്യക്തതക്കുറവുകളാണ് ജൂണ്‍ ഒന്നിന് നടപ്പാകുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രളയ സെസ് ജൂലൈയിലേക്ക് നീട്ടാന്‍ കാരണം. എന്നാല്‍, ഇപ്പോള്‍ ജൂലൈയിലും ഇത് നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 

ഉത്തരവ് ഇറക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധിയായി നില്‍ക്കുന്ന മറ്റൊരു ചോദ്യം ഇ -വേ ബില്ലുകളെ സംബന്ധിച്ചാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലയാണ് ഇപ്പോള്‍ ഇ-വേ ബില്‍.