തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. പവന് 27,200 രൂപയും ഗ്രാമിന് 3,400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 3,350 രൂപയും പവന് 26,800 രൂപയുമായിരുന്നു ആഗസ്റ്റ് ആറിലെ നിരക്ക്. 

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,485.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 12.27 ഡോളറിന്‍റെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യ 213 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ അടുത്ത  രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.