സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് വന്‍ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 200 രൂപയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് ആഗസ്റ്റ് അഞ്ചിന് 3,325 ആയിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 3,350 ആയി ഉയര്‍ന്നു. പവന് 26,800 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് സ്വര്‍ണ നിരക്കാണിത്. 

പ്രധാനമായും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അസ്ഥിരതകളാണ് സ്വര്‍ണവില ഉയരാനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ജമ്മു കശ്മീര്‍ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ച നേരിട്ടതും രാജ്യത്തെ സ്വര്‍ണവില ഉയരാനിടയാക്കി. 

ഡോളറുമായുളള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ സ്വര്‍ണത്തിന്‍റെ ഇറക്കുമതി ചെലവ് കൂടുമെന്നത് കണക്കിലെടുത്തായിരുന്നു ഈ വര്‍ധന. വിനിമയ വിപണിയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോളറിനെതിരെ 70.68 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ആഗോള തലത്തിലെ വ്യാപാര പ്രതിസന്ധികള്‍ മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് അന്താരാഷ്ട്ര വിപണിയില്‍ വില വലിയ രീതിയില്‍ ഉയരാനിടയാക്കി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,461.02 ഡോളറാണ് ഇന്നത്തെ നിരക്ക്. ഇന്ന് 18 ഡോളറിന്‍റെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിന് 22000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 

കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടൺ സ്വർണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ കട്ടിസ്വര്‍ണ (ബുള്യന്‍) വിപണിയിലും വില ഉയര്‍ന്നു. ഗ്രാമിന് 3,697 രൂപയാണ് നിരക്ക്. 

ഈ നില തുടര്‍ന്നാല്‍ സ്വര്‍ണവില അടുത്തകാലത്ത് തന്നെ 28,000 ത്തിന് മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ വില വീണ്ടും കൂടാന്‍ സാധ്യതയുള്ളതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു. 2011 ല്‍ രേഖപ്പെടുത്തിയ 1,850 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ തുടരുന്ന പക്ഷം സ്വര്‍ണവില 1,850 ഡോളറിന് മുകളിലേക്ക് പോകാനും സാധ്യതയുളളതായി അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.