കൊച്ചി: ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണക്കള്ളക്കടത്തിനുള്ള സാധ്യത രാജ്യത്ത് വര്‍ധിച്ചു. അനധികൃത ഇടപാടുകാർക്കെതിരെ നടപടി വേണമെന്ന് ഓൾ കേരള ഗോൾഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.

പത്ത് ശതമാനമായിരുന്ന സ്വർണത്തിന്റെ ഇറക്കുമതി തീരുവ ബജറ്റിൽ 12.5 ശതമാനമാക്കി ഉയര്‍ത്തി. ഒപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഇതിനൊപ്പം ചേര്‍ന്ന് നികുതിയിനത്തിൽ മാത്രം നൽകേണ്ടി വരുന്നത് 15.5 ശതമാനം. ഇതോടെ നികുതി വെട്ടിച്ച് സ്വർണം കള്ളക്കടത്ത് നടത്താനുള്ള സാധ്യത രാജ്യത്ത് കൂടി. പതിനഞ്ചരശതമാനത്തിന്റെ നികുതി വെട്ടിക്കുന്നതോടെ വലിയതോതിൽ വില കുറച്ച് സ്വർണം കൈമാറാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് കഴിയുന്നു. ബാങ്ക് റേറ്റിനേക്കാളും ഗ്രാമിന് 100 മുതൽ 150 രൂപ വരെ വിലകുറച്ച് സ്വർണം ഇവർ ചില ജ്വല്ലറികൾക്ക് നൽകുന്നുണ്ടെന്നാണ് ആരോപണം.

ഇന്ത്യയിൽ പ്രതിവർഷം 800 മുതൽ 850 ടൺ വരെ സ്വർണം വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിന്റെ മൂന്നോ നാലോ ഇരട്ടി സ്വർണം കള്ളക്കടത്തായും എത്തുന്നുണ്ടെന്നാണ് സൂചന. രാജ്യത്ത് ഔദ്യോഗികമായി വിൽക്കപ്പെടുന്ന സ്വർണത്തിൽ 150 ടണ്ണിന്റെ വിനിമയം പ്രതിവർഷം സംസ്ഥാനത്ത് മാത്രം നടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നികുതി വെട്ടിച്ചുള്ള സ്വർണ്ണക്കള്ളക്കടത്ത് കേരളത്തിൽ വ്യാപകമാകാനും സാധ്യതയുണ്ട്.

അനധികൃത ഇടപാട് നടത്തുന്നവർക്ക് എതിരെ നടപടി വേണമെന്നാണ് ഓൾ കേരള ഗോൾഡ് സിൽവർ മർച്ചന്റ് അസോസിയേഷന്റെ ആവശ്യം