ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാകുന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്. കൗണ്‍സിലിന്‍റെ 36 മത്തെ യോഗം വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് നടക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷമുളള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്.

ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പ്രോജക്ടുകള്‍ തുടങ്ങിയവയുടെ നികുതി കുറയ്ക്കുക, ലോട്ടറി വിഷയത്തിലെ നികുതി ഏകീകരണം തുടങ്ങിയ വിഷയങ്ങള്‍ കൗണ്‍സിലില്‍ ഇന്ന് ചര്‍ച്ച ചെയ്യും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറച്ചേക്കും. വൈദ്യുത വാഹനങ്ങളുടെ കസ്റ്റംസ് തീരുവയിലും കുറവ് വരുത്തിയേക്കും. 

ലോട്ടറിയുടെ നികുതി ഏകീകരണ വിഷയം ഇന്ന് കൗണ്‍സിലിന്‍റെ മുന്നിലെത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ലോട്ടറിക്ക് രണ്ട് ജിഎസ്ടി നിരക്കുകളാണുളളത്. സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടിയും മറ്റ് ലോട്ടറികള്‍ക്ക് 28 ശതമാനം ജിഎസ്ടിയും. ലോട്ടറി വിഷയത്തെക്കുറിച്ച് പഠിക്കാന്‍ കൗണ്‍സില്‍ മന്ത്രിതല സമിതിക്ക് (ജിഒഎം) രൂപം നല്‍കിയിരുന്നു.

കഴിഞ്ഞ യോഗത്തില്‍ വിഷയത്തില്‍ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടാനും കൗണ്‍സില്‍ തീരുമാനം എടുത്തിരുന്നു. ഇന്ന് അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ വെളിച്ചത്തില്‍ കൗണ്‍സില്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും.