Asianet News MalayalamAsianet News Malayalam

കശ്മീരി ആപ്പിള്‍ വെറും ആപ്പിളല്ല !, പരിഗണന കിട്ടിയാല്‍ വന്‍ നേട്ടം കൊയ്യാവുന്ന സാധ്യതകളുടെ ആകാശമാണ്

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ആപ്പിള്‍ ഉല്‍പ്പാദകരാണ് ഇന്ത്യ. എന്നാല്‍, ആഗോള ആപ്പിള്‍ ഉല്‍പാദനത്തിന്‍റെ മൂന്ന് ശതമാനം മാത്രമേ ഇന്ത്യയില്‍ നിന്നുണ്ടാകുന്നുള്ളൂ. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിളിന്‍റെ മൂന്നില്‍ രണ്ടും കാശ്മീര്‍ താഴ്വരയില്‍ നിന്നാണ്. 

haseeb drabu opinion about Kashmir apple cultivation
Author
Pulwama-Srinagar Road, First Published Aug 6, 2019, 4:32 PM IST

ഇന്ത്യയെ 2024-25 ല്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിനായി രാജ്യത്തിന്‍റെ വളര്‍ച്ച നിരക്കില്‍ മുന്നേറ്റമുണ്ടാകേണ്ടതുണ്ട്. ഇത്തരത്തില്‍ രാജ്യത്തിന്‍റെ ജിഡിപി നിരക്ക് ഉയര്‍ത്തുന്നതില്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ (എസ്ഡിപി) പങ്ക് വലുതാണ്.

എന്നാല്‍, രാജ്യത്തിന്‍റെ ജിഡിപി ലക്ഷ്യങ്ങളും അതിന് ആവശ്യമായ നയങ്ങളും കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്താനായി അധികം ചര്‍ച്ചകളോ നയരൂപീകരണമോ രാജ്യത്ത് നടക്കുന്നില്ലയെന്നതാണ് വസ്തുത.

പല സംസ്ഥാനങ്ങളിലും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും സജീവ ശ്രദ്ധ നല്‍കുകയും ചെയ്‌താൽ വന്‍ വളര്‍ച്ച നേടിയെടുക്കാന്‍ കഴിയുന്ന വ്യവസായങ്ങളുണ്ട്. ഇത്തരത്തിലൊന്നാണ് കശ്മീരിലെ ആപ്പിള്‍ കൃഷിയെന്ന് ജമ്മു കശ്മീരിന്‍റെ മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഹബീബ് എ ഡ്രാബു വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥയായി വളരാന്‍ ഇത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം ദേശീയ മാധ്യമമായ ഔട്ട്‍ലുക്ക് വേണ്ടി എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

haseeb drabu opinion about Kashmir apple cultivation

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ആപ്പിള്‍ ഉല്‍പ്പാദകരാണ് ഇന്ത്യ. എന്നാല്‍, ആഗോള ആപ്പിള്‍ ഉല്‍പാദനത്തിന്‍റെ മൂന്ന് ശതമാനം മാത്രമേ ഇന്ത്യയില്‍ നിന്നുണ്ടാകുന്നുള്ളൂ. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിളിന്‍റെ മൂന്നില്‍ രണ്ടും കാശ്മീര്‍ താഴ്വരയില്‍ നിന്നാണ്. രാജ്യത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന 2.5 മില്യണ്‍ മെട്രിക് ടണ്‍ ആപ്പിളില്‍ രണ്ട് മില്യണ്‍ മെട്രിക് ടണ്ണും രാജ്യത്തിന് സംഭാവന ചെയ്യുന്നത് കശ്മീരാണ്. രാജ്യത്തെ 0.31 മില്യണ്‍ ഹെക്ടര്‍ ആപ്പിള്‍ കൃഷിയില്‍ 0.16 മില്യണും കാശ്മീര്‍ താഴ്വരയിലാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ആപ്പിള്‍ ഉല്‍പാദകരായ അമേരിക്കയെക്കാള്‍ കൂടുതല്‍ സ്ഥലം ആപ്പിള്‍ കൃഷി ചെയ്യാനായി ഉപയോഗിക്കുന്നതും കശ്മീര്‍ താഴ്വരയിലാണ്.

എന്നാല്‍, കൃഷി ചെയ്യുന്ന സ്ഥലത്തിന് അനുപാതികമായി വിളവെടുത്ത ആപ്പിളുകള്‍ സൂക്ഷിക്കാന്‍ ഇടമില്ല. ആകെ ദേശീയ സ്റ്റോറേജ് കപ്പാസിറ്റിയുടെ വെറും 0.3 ശതമാനം മാത്രമേ ജമ്മു കശ്മീരില്‍ ലഭ്യമായിട്ടൊള്ളു. കശ്മീരിലുളളത് വെറും 36 കോള്‍ഡ് സ്റ്റോറേജുകള്‍ മാത്രമാണ്. രാജ്യത്ത് മുഴുവനായി 6,000 കോള്‍ഡ് സ്റ്റോറേജുകളുളള സ്ഥാനത്താണിത്. ഇതിനാല്‍ തന്നെ വിളവെടുക്കുന്ന ആപ്പിളുകള്‍ മികച്ച രീതിയില്‍ സൂക്ഷിക്കാന്‍ കശ്മീരിനാകുന്നില്ല, മികച്ച കാലാവസ്ഥ, ഉല്‍പാദന ശേഷി, കൂടുതല്‍ സ്ഥലത്ത് കൃഷി എന്നീ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കശ്മീരിന് നേട്ടം കൊയ്യാന്‍ കഴിയാതെ പോകുന്നതിന് കാരണവും ഇതാണ്.   

2018 ല്‍ ദുബായില്‍ വച്ച് ആപ്പിളുകള്‍ കേടുകൂടാതെ സൂക്ഷിക്കാനുളള സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിട്ടും, പിന്നീട് ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങി. എന്നിട്ടും തദ്ദേശീയരായ ആപ്പിള്‍ ഉല്‍പാദകരുടെ ശ്രമഫലമായി ആപ്പിള്‍ ഉല്‍പാദനത്തില്‍ ആറാം സ്ഥാനം നിലനിര്‍ത്താന്‍ കശ്മീര്‍ താഴ്വരയ്ക്കായി. കശ്മീര്‍ സംസ്ഥാനത്തിന്‍റെ ആകെ വരുമാനത്തില്‍ 10 ശതമാനം എത്തുന്നത് കശ്മീര്‍ താഴ്വരയിലെ ആപ്പിളുകളില്‍ നിന്നാണ്. 

haseeb drabu opinion about Kashmir apple cultivation

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയാല്‍ കശ്മീര്‍ ആപ്പിളിന് ലോക വിപണിയില്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനം നേടാനാകും. അതിനായി ആപ്പിള്‍ തോട്ടങ്ങള്‍ മുതല്‍ പരിഷ്കരണം ആവശ്യമാണ്. മികച്ച സൂക്ഷിപ്പ് കേന്ദ്രങ്ങളും ഗതാഗത സംവിധാനങ്ങളും വേണം. ഇത്തരത്തില്‍ ആപ്പിള്‍ കൃഷി വികസിപ്പിച്ച് സംസ്ഥാന ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കഴിയും. 

എസ്ഡിപിയില്‍ മുന്നേറ്റം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരിന് ലക്ഷ്യമിടുന്ന അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥയിലേക്ക് വളരാന്‍ കഴിയൂ. അതിനാല്‍ ഇന്ത്യയുടെ ജിഡിപി മെച്ചപ്പെടുത്താനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തണമെങ്കില്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്‍പാദനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കശ്മീരി ആപ്പിള്‍ കൃഷിയെ ഉദാഹരിച്ച് ഹബീബ് എ ഡ്രാബു അഭിപ്രായപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios