കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (ഐഎല്‍ആന്‍ഡ്എസ്സി) കൃത്യവിലോപം മൂലമാണ് രാജ്യത്തെ എന്‍ബിഎഫ്സി രംഗത്തെ ഗുരുതരമായ പ്രതിസന്ധികളിലേക്ക് നയിച്ചത്. 

മുംബൈ: ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ (എന്‍ബിഎഫ്സി) ഗ്രസിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടം അവസാനിച്ചെന്ന് എച്ച്ഡിഎഫ്സി മേധാവി ആദിത്യ പുരി വ്യക്തമാക്കി. എന്നാല്‍, മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുളള പ്രശ്നങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും നിലനില്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ശനമായ നിയന്ത്രണങ്ങളും ആസ്തി വില്‍പ്പനയുമാണ് രാജ്യത്തെ എന്‍ബിഎഫ്സികളെ ബാധിച്ച ഗുരുതരമായ പ്രശ്നങ്ങളെ തടഞ്ഞ് നിര്‍ത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (ഐഎല്‍ആന്‍ഡ്എസ്സി) കൃത്യവിലോപം മൂലമാണ് രാജ്യത്തെ എന്‍ബിഎഫ്സി രംഗത്തെ ഗുരുതരമായ പ്രതിസന്ധികളിലേക്ക് നയിച്ചത്. ഐഎല്‍ആന്‍ഡ് എഫ്സി വീഴ്ച രാജ്യത്തെ നിഴല്‍ വായ്പദാതാക്കളുടെ പൊള്ളത്തരം തുറന്ന് കാട്ടിയതായും ആദിത്യ പുരി അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ത്യയിലേത് യുഎസ്സില്‍ സംഭവിച്ച ലീമന്‍ തകര്‍ച്ച പോലെയുളള ഗുരുതരമായ സംഭവമല്ലെന്ന് എച്ച്ഡിഎഫ്സി എംഡി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര രംഗത്തെ മാന്ദ്യം കാരണം ദശാബ്ദത്തിന് മുന്‍പ് തകര്‍ന്ന യുഎസ് സാമ്പത്തിക സേവന സ്ഥാപനമായിരുന്നു ലീമാന്‍.