സോള്‍: ജപ്പാനും കൊറിയയും തമ്മിലുളള സാമ്പത്തിക ബന്ധം കൂടുതല്‍ വഷളായി. മുന്‍ഗണന വ്യാപാര പങ്കാളിയെന്ന നിലയില്‍ ജപ്പാന്‍ ദക്ഷിണ കൊറിയക്ക് നല്‍കിയിരുന്ന സ്ഥാനം അവര്‍ എടുത്തുകളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുടലെടുത്ത വ്യാപാര തര്‍ക്കം ആഗോള തലത്തിലുളള സെമി കണ്ടക്റ്റര്‍ വ്യവസായത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.

ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന മൂന്ന് പ്രധാനപ്പെട്ട രാസവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം ഉടലെടുക്കാന്‍ കാരണം. കൊറിയയില്‍ എത്തുന്ന വസ്തുക്കള്‍ ആയുധങ്ങള്‍ക്കും സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നതായാണ് ജപ്പാന്‍ പറയുന്നത്. ഇതിനാല്‍ ഇവയ്ക്ക് അധിക പരിശോധനയും ജപ്പാന്‍ ഏര്‍പ്പെടുത്തി. 

ഇതൊരു വ്യാപാര വിലക്കല്ലെന്നാണ് ജപ്പാന്‍ പറയുന്നത്, എന്നാല്‍, ജപ്പാന്‍റെ നടപടി സാമ്പത്തിക യുദ്ധ പ്രഖ്യാപനമാണെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. ഓഗസ്റ്റ് 28 മുതല്‍ പുതിയ വ്യാപാര നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. ഇതോടെ ആഗോളതലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വമ്പന്‍ പ്രതിസന്ധിക്ക് അരങ്ങൊരുങ്ങി. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുടലെടുത്ത സാമ്പത്തിക തര്‍ക്കത്തില്‍ ലോക രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണ്.