ഇതിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട കര്‍മ്മപരിപാടിക്ക് സീനിയര്‍ ഉദ്യോഗസ്ഥരുടെ ഏകദിന ശില്‍പ്പശാലയില്‍ വച്ച് അവസാന രൂപം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു

തിരുവനന്തപുരം: നികുതി വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കടുത്ത നടപടികളുമായി സംസ്ഥാന നികുതി വകുപ്പ്. ഇതിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട കര്‍മ്മപരിപാടിക്ക് സീനിയര്‍ ഉദ്യോഗസ്ഥരുടെ ഏകദിന ശില്‍പ്പശാലയില്‍ വച്ച് അവസാന രൂപം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

ധനമന്ത്രി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയാണ് നടപടികള്‍ സംബന്ധിച്ച് വ്യക്തമാക്കിയത്. 30 ശതമാനം നികുതി വര്‍ധന കൈവരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

ധനമന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.

എന്നാൽ‍ ഞങ്ങൾ അരയും തലയും മുറുക്കി ഇറങ്ങുകയായി, 30 % നികുതി വരുമാന വര്‍ദ്ധനവ് കൈവരിക്കുകയാണ് ലക്ഷ്യം . നികുതി വകുപ്പിലെ മുഴുവൻ‍ സീനിയർ‍ ഉദ്യോഗസ്ഥരുടെയും ഏകദിന ശിൽ‍പ്പശാലയിൽവച്ച് കർ‍മ്മപരിപാടിക്ക് അവസാന രൂപം നൽ‍കി. എല്ലാത്തിനും ചുക്കാൻ‍ പിടിക്കാൻ‍ കമ്മീഷണർ ട്വിങ്കു ബിസ്വാളും വകുപ്പ് സെക്രട്ടറി വേണുഗോപാലും മുന്നിലുണ്ട്

ഒന്ന്, ആഗസ്തിൽ‍ ലഭിക്കാൻ പോകുന്ന വാർഷിക റിട്ടേൺ‍ സ്ക്രൂട്ടിനി ഫലപ്രദമായി നടത്തി ചോർന്ന നികുതിയിൽ‍ നല്ലൊരു ഭാഗം തിരിച്ചു പിടിക്കും. എറണാകുളം മുൻ‍ കളക്ടർ‍ സഫറുള്ളയാണ് ഇതിനുള്ള ഡാറ്റാ അനലിറ്റിക്‍സിനും മറ്റും നേതൃത്വം കൊടുക്കാൻ‍ പോകുന്നത്. രണ്ട്, എൻ‍ഫോഴ്സമെൻ്റ് വിംങ് ശക്തിപ്പെടുത്താൻ‍ തീരുമാനിച്ചു, കൃത്യമായ തയ്യാറെടുപ്പുകളുടെ അടിസ്ഥാനത്തിൽ നികുതി വെട്ടിപ്പുണ്ടെന്ന് കരുതുന്ന സ്ഥാപനങ്ങളിൽ‍ പരിശോധന നടത്തും, അഡീഷണൽ‍ കമ്മീഷണർ‍ ഷൈനമോൾ‍ ആണ് ഇതിന് നേതൃത്വം നല്കുക. മൂന്ന്, ഇ- വേ ബിൽ പരിശോധിക്കാൻ‍ അതിർ‍ത്തി മേഖലയിൽ‍ നൂറിൽപ്പരം സ്ക്വാഡുകൾ വിന്യസിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ‍ ഓട്ടോമാറ്റിക് നമ്പർ‍ റീഡർ‍ സംവിധാനവും വരും. നാല്, അസസ്മെൻ്റുകൾ‍ യുദ്ധകാലാടിസ്ഥാനത്തിൽ‍ തീർ‍പ്പാക്കുകയാണ്. കുടിശിക പിരിക്കാൻ‍ കർ‍ശന റവന്യു റിക്കവറി നടപടികൾ‍ ഉണ്ടാവും.

ഈ പൊല്ലാപ്പിൽ‍ നിന്നെല്ലാം രക്ഷനേടാനുള്ള മാർ‍ഗ്ഗം ആംനെസ്റ്റി പദ്ധതിയാണ്. പെനാൽറ്റികൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പലിശയും വേണ്ട പിഴപ്പലിശയും വേണ്ട നികുതിയടച്ചാൽ‍ എല്ലാം സമരിയാകും.