ആദ്യമായി ഒരു സംസ്ഥാനം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ടുകളിറക്കി അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കണ്ടെത്തുക. കേരള സര്‍ക്കാരിന്‍റെ മസാല ബോണ്ടിറക്കാനുളള  ഈ തീരുമാനത്തെ തെല്ല് അതിശയത്തോടൊണ് മറ്റ് സംസ്ഥാനങ്ങളും ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വീക്ഷിച്ചത്. സിംഗപ്പൂരും ലണ്ടനിലും മസാല ബോണ്ടുകള്‍ അവതരിപ്പിക്കാനുളള തീരുമാനങ്ങള്‍ കൂടി പുറത്ത് വന്നതോടെ മസാല ബോണ്ടിലെ നിക്ഷേപ സാധ്യതയെക്കുറിച്ച് അന്ന് അനേകം സംശയങ്ങളുണ്ടായി. 

എന്നാല്‍, ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ കിഫ്ബിയുടെ പോക്കറ്റില്‍ മസാല ബോണ്ട് വഴി 2,150 കോടി രൂപയുടെ നിക്ഷേപമെത്തി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയില്‍ കൈവന്ന വലിയ നിക്ഷേപം സംസ്ഥാനത്തിന്‍റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി. പക്ഷേ, നിക്ഷേപത്തോടൊപ്പം മസാല ബോണ്ടിനെ വിവാദവും പിടികൂടി. കിഫ്ബി കേരള സര്‍ക്കാരിനായി പുറത്തിറക്കിയ മസാല ബോണ്ട് വാങ്ങിയത് സിഡിപിക്യു എന്ന കമ്പനിയാണ്. കാനഡയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടുകളില്‍ ഒന്നാണ് ഇവരെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. 

ഇടപാട് നടന്നത് ഉയര്‍ന്ന പലിശാ നിരക്കില്‍ ?

കേരളത്തില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച എസ്എന്‍സി ലാവ്ലിനില്‍ ഏറ്റവും അധികം ഓഹരി പങ്കാളിത്വമുളള സിഡിപിക്യു. എസ്എന്‍സി ലാവ്ലിനില്‍ 20 ശതമാനം ഓഹരി പങ്കാളിത്വമാണ് സിഡിപിക്യുവിനുളളത്. 9.72 ശതമാനം പലിശ നിരക്കിലാണ് ഇടപാട് നടന്നിരിക്കുന്നത്. ഇത് വളരെ ഉയര്‍ന്ന പലിശാ നിരക്കാണെന്നും ആരോപണം ഉണ്ട്. ബിബി റേറ്റിങുളള കിഫ്ബിക്ക് ഇതിനും താഴ്ന്ന നിരക്കില്‍ ഇടപാടിന് ശ്രമിക്കാമായിരുന്നു എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. മസാല ബോണ്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് സിഡിപിക്യുവിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ലണ്ടനില്‍ നടന്ന തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാര്‍ച്ച് 21 ന് കരാര്‍ അംഗീകരിക്കുകയും മാര്‍ച്ച് 25 ന് ബോണ്ട് വാങ്ങുകയും ചെയ്തു. 

മസാല ബോണ്ട് മുതല്‍ സാമുറായി ബോണ്ട് വരെ

ഇന്ത്യന്‍ സംസ്കാരവും രുചി വൈവിധ്യവും അന്താരാഷ്ട്ര വിപണിയില്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് രൂപയിലിറക്കുന്ന ബോണ്ടുകള്‍ക്ക് മസാല ബോണ്ടുകള്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഇന്‍റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് രൂപയിലെ ബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ലോകത്തെ അനേകം രാജ്യങ്ങള്‍ തങ്ങളുടെ കറന്‍സിയില്‍ ധനസമാഹരണത്തിനായി ബോണ്ടുകളിറക്കാറുണ്ട്. ചൈന ഇറക്കുന്ന ഇത്തരം ബോണ്ടുകള്‍ക്ക് ഡിംസം ബോണ്ടെന്നാണ് പേര്. ചൈനയിലെ പ്രധാന ഭക്ഷ്യ വിഭവമാണ് ഡിംസം. ജപ്പാന്‍ ഇറക്കുന്നവയ്ക്ക് സമുറായി ബോണ്ടുകളെന്ന് പറയും. 

വിദേശ വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ടുകളിറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ രൂപയുടെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. എന്നാല്‍, രൂപയുടെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചാല്‍ നിക്ഷേപകര്‍ നഷ്ടം സഹിക്കേണ്ടി വരും. പ്രധാനമായും ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടുളള ധനസമാഹരണത്തിനാണ് മസാല ബോണ്ടുകളിറക്കുന്നത്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍, പൊതു സ്ഥാപനങ്ങളായ നാഷണല്‍ ഹൈവേ അതോറിറ്റി, എന്‍ടിപിസി തുടങ്ങിവയാണ് സാധാരണ മസാല ബോണ്ടുകളിറക്കിയിട്ടുളളത്. 

മൊത്തം 5,000 കോടി രൂപ മസാല ബോണ്ടുകളിലൂടെ സമാഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍  ലക്ഷ്യമിടുന്നത്. 2024 ല്‍ 9.72 ശതമാനം നിരക്കില്‍ പണം കിഫ്ബി തിരികെ നല്‍കണം. നിലവില്‍ സിംഗപ്പൂരിലാണ് മസാല ബോണ്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. മെയ് 17 നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഇതിലേക്ക് കേരള മുഖ്യമന്ത്രിക്ക് ക്ഷണമുണ്ട്. ഇനി പൊതുവിപണിയിലുള്ള ബോണ്ടുകളുടെ വിലനിലവാരം സർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. മസാലബോണ്ടുകളുടെ വിലയിൽ ഇടിവുണ്ടായാൽ അത് ഇനി കിഫ്ബി ഇറക്കുന്ന ബോണ്ടുകളുടെ വിൽപ്പനയെയും ബാധിക്കും. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. 

കിഫ്ബി പറയുന്നത്

അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി. സംസ്ഥാന ബജറ്റിന് പുറത്തു നിന്നുള്ള വിഭവ സമാഹരണമാണ് ഈ ധനകാര്യ ഏജന്‍സിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരള സര്‍ക്കാരിനായി മസാല ബോണ്ടുകളിറക്കിയത് കിഫ്ബിയാണ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച നേരിട്ടുളള വിദേശ നിക്ഷേപ, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ നടപടിക്രമങ്ങളെ അടിസ്ഥാനമാക്കിയാണ് സിഡിപിക്യു മസാല ബോണ്ടില്‍ നിക്ഷേപമിറക്കിയത് എന്നാണ് കിഫ്ബി സിഇഒ കെ എം ഏബ്രഹാം പറയുന്നത്. 

'എസ്എന്‍സി ലാവ്‍ലിനുമായി സിഡിപിക്യുവിന് ഇടപാടുകളുണ്ടെന്നത് സത്യമാണ്. എന്ന് കരുതി ലാവ്ലിന്‍ കമ്പനിക്ക് ഇവര്‍ക്ക് മേല്‍ അധികാരമുണ്ടെന്ന് പറയുന്നത് ശരിയല്ല. സിഡിപിക്യുവിന് മാത്രമല്ല കാനഡയിലെ മറ്റ് പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ലാവ്‍ലിന്‍ കമ്പനിയില്‍ നിക്ഷേപമുണ്ട്. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ സിഡിപിക്യു വാങ്ങിയതിനെ എസ്എന്‍സി ലാവ്‍ലിനുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും'  കിഫ്ബി സിഇഒ പറയുന്നു. 

ഇന്ത്യയടക്കം എട്ട് രാജ്യങ്ങളില്‍ ഓഫീസുളള കനേഡിയന്‍ കമ്പനിയായ സിഡിപിക്യു കനേഡിയന്‍ സര്‍ക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ 13 കോടി രൂപയുടെ മൂല്യമുളള സെക്യൂരിറ്റികള്‍ അവര്‍ വാങ്ങിയിട്ടുണ്ടെന്നും കെ എം ഏബ്രഹാം കൂട്ടിച്ചേര്‍ത്തു. മസാല ബോണ്ടുകള്‍ക്ക് 9.72 എന്നത് ഉയര്‍ന്ന പലിശ നിരക്കല്ലെന്ന നിലപാടാണ് കിഫ്ബിക്കുളളത്. ആഭ്യന്തര കടപത്ര വിപണിയിലെ നിരക്കുകളെ താരതമ്യപ്പെടുത്തിയാണ് അന്താരാഷ്ട്ര വിപണിയില്‍ നിന്നുളള നിക്ഷേപ സമാഹരണ മാര്‍ഗമായ മസാല ബോണ്ടുകള്‍ക്ക് കുറഞ്ഞ പലിശയാണെന്ന് കിഫ്ബി ഇപ്പോള്‍ വാദിക്കുന്നത്. ഇതിന് കിഫ്ബി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ആന്ധ്ര സര്‍ക്കാരിന് കീഴിലുളള കാപ്പിറ്റല്‍ റീജിയണല്‍ ഡെവലപ്പ്മെന്‍റ് അതോറിറ്റി ആഭ്യന്തര കടപത്ര വിപണിയില്‍ നിന്ന് 10.32 ശതമാനം പലിശയ്ക്ക് ധനസമാഹരണം നടത്തിയതിനെയാണ്. 

ചെന്നിത്തലയും കോടിയേരിയും മുഖ്യമന്ത്രിയും 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കിഫ്ബിയുടെ മസാല ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത്. വിവാദകമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട സിഡിപിക്യു എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അഴിമതിയാരോപണങ്ങളെത്തുടർന്ന് സംസ്ഥാനസർക്കാർ കരിമ്പട്ടികയിൽപെടുത്തിയ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി സർക്കാരിന്‍റെ തന്നെ മസാല ബോണ്ടുകളിൽ നിക്ഷേപം നടത്തിയതിന് പിന്നിൽ വലിയ ഒത്തുകളിയുണ്ടെന്നും ലാവ്‍ലിൻ കമ്പനിയെ സഹായിക്കാൻ വലിയ അഴിമതി നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. 
 
കോണ്‍ഗ്രസിന് മറുപടിയായി സിഡിപിക്യുവിന്റെ നിക്ഷേപം സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സിഡിപിക്യുവിന് ഇന്ത്യയില്‍ തന്നെ പല കമ്പനികളിലും നിക്ഷേപമുണ്ടെന്നും, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അത്തരം നിക്ഷേപത്തെയൊന്നും വിമര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന് ഫണ്ട് ലഭ്യമാക്കാനുള്ള വിവിധ പരിപാടികളിലൊന്നാണ് മസാല ബോണ്ടെന്നും. കിഫ്ബി നേരിട്ട് ധനകാര്യ സ്ഥാപനവുമായി വില പേശിയിട്ടല്ല മസാല ബോണ്ടിന്‍റെ വിലയും പലിശയും തീരുമാനിച്ചതെന്നും. അതിന് നിയതമായ മാർഗ്ഗങ്ങളും മാനദണ്ഡങ്ങളും ഉണ്ടെന്നുമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. 

കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന 21 ലക്ഷം കോടി രൂപ ആസ്തിയുള്ള കമ്പനിയാണ് സിഡിപിക്യു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ആ കമ്പനി കിഫ്ബി മുന്നോട്ടുവച്ച വ്യവസ്ഥകൾ അനുസരിച്ച് ഫണ്ട് തരാൻ തയ്യാറായതായും. സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നത് സ്റ്റോക് എക്സ്ചേഞ്ചുമായാണെന്നും സിഡിപിക്യുമായല്ലെന്നും മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്ന വാദഗതി. പ്രതിപക്ഷ നേതാവും ബിജെപിയും ചേർന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നാടിന്‍റെ വികസനം തടയലാണ് ചെന്നിത്തലയുടേയും ബിജെപിയുടേയും ലക്ഷ്യം. പക്ഷേ എന്ത് വിവാദം ഉയർത്തിയാലും വികസനം മുടക്കാനാകില്ലെന്നും മുഖ്യമന്ത്രി പറയുന്നു.  

എസ്എൻസി ലാവ്‍ലിൻ അഴിമതിക്കേസ്?

ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്‍എൻസി ലാവ്‍ലിനുമായി പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കരാർ ഒപ്പുവച്ചതില്‍ കോടികളുടെ അഴിമതി നടന്നു എന്നാണ് ആരോപണം. പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്‍പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.