മുംബൈ: കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി തൊഴില്‍ സൃഷ്ടിയില്‍ പരാജയപ്പെട്ടതായി എല്‍ ആന്‍ഡ് ടി മേധാവി. എല്ലാ മേഖലയും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കാള്‍ ഇറക്കുമതിയെയാണ് ഇപ്പോഴും കൂടുതല്‍ ആശ്രയിക്കുന്നതെന്നും എല്‍ ആന്‍ഡ് ടി (ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ) ചെയര്‍മാന്‍ എ എം നായിക് വ്യക്തമാക്കി. 

'പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെപ്പറ്റി നമ്മള്‍ ഒരുപാട് പ്രചാരണം നടത്തുന്നു, അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍, നമ്മള്‍ ഇപ്പോഴും ഇറക്കുമതിയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. മിക്ക ഇന്ത്യന്‍ കമ്പനികളും ഇവിടെ ഉല്‍പാദനം നടത്തുന്നതില്‍ ശ്രദ്ധിക്കാതെ ഇപ്പോഴും ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന പ്രവണത തുടരുന്നതിന് നമ്മള്‍ ഒരുത്തരം കണ്ടെത്തേണ്ടതുണ്ട്.' എന്‍എസ്ഡിസി (നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍) ചെയര്‍മാന്‍ കൂടിയായ നായിക് അഭിപ്രായപ്പെട്ടു.

'ഇന്ത്യന്‍ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാനുളള സാധ്യതകള്‍ രാജ്യത്ത് കുറവാണ്. ഇറക്കുമതിയെ ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായി ആശ്രയിക്കാനുളള കാരണവും ഇതുതന്നെയാണ്. ഇറക്കുമതിയോടൊപ്പം മികച്ച വായ്പ സൗകര്യവും കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്' ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 'ജനസംഖ്യയില്‍ യുവജനങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുളള രാജ്യമാണ് ഇന്ത്യ, പ്രതിവര്‍ഷം 100 ലക്ഷം യുവാക്കളാണ് തൊഴില്‍ വിപണിയിലേക്ക് എത്തുന്നത്. ഏറ്റവും പുതിയ തൊഴില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ അതിന്‍റെ ജനസംഖ്യയ്ക്ക് അനുസരിച്ച് തൊഴിലുകള്‍ സൃഷ്ടിക്കുന്നില്ല' നായിക്ക് തുടര്‍ന്നു.  

ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 5.8 ശതമാനം മാത്രമായിരുന്നു. സ്വകാര്യ നിക്ഷേപത്തില്‍ ദൃശ്യമാകുന്ന ഇടിവും ഉപഭോക്തൃ  സമീപനത്തില്‍ വരുന്ന തളര്‍ച്ചയും ഇന്ത്യയ്ക്ക് ഭീഷണിയാണ്. ചില കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലും വളര്‍ച്ച നിരക്കില്‍ ഇടിവ് തുടരുകയാണ്. നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ വഴി നൈപുണ്യ പരിശീലനം നേടിയതില്‍ 12 ശതമാനം പേര്‍ക്ക് മാത്രമാണ് വ്യവസായ മേഖലയില്‍ തൊഴില്‍ പ്രവേശനം സാധ്യമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.