നിക്ഷേപത്തിലുണ്ടായ കുറവിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ മുരടിപ്പ്, ഉപഭോഗത്തിലുണ്ടായ ഇടിവ്, ഗ്രാമീണ ഇന്ത്യയെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍, കൂടുന്ന തൊഴിലില്ലായ്മ എന്നിവ ഇന്ത്യന്‍ സമ്പദ്ഘടനയെ സമ്മര്‍ദ്ദത്തിലാക്കുന്നു. 

മുംബൈ: ഇന്ത്യയുടെ 2019- 20 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് പ്രവചനത്തില്‍ മാറ്റം വരുത്തി മൂഡീസ്. നേരത്തെ 6.2 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കെന്നാണ് മൂഡീസ് പ്രവചിച്ചിരുന്നത്. ഇപ്പോഴത് മൂഡിസ് 5.8 ശതമാനത്തിലേക്ക് മൂഡീസ് കുറച്ചു.

നിക്ഷേപത്തിലുണ്ടായ കുറവിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ മുരടിപ്പ്, ഉപഭോഗത്തിലുണ്ടായ ഇടിവ്, ഗ്രാമീണ ഇന്ത്യയെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍, കൂടുന്ന തൊഴിലില്ലായ്മ എന്നിവയാണ് പ്രതീക്ഷാ വളര്‍ച്ചാ നിരക്ക് കുറയ്ക്കാനുണ്ടായ കാരണങ്ങളായി മൂഡീസ് പറയുന്നത്. 

എന്നാല്‍, 2020- 21 ല്‍ വളര്‍ച്ചാ നിരക്ക് 6.6 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പാദ വളര്‍ച്ചാ നിരക്കാണ് പ്രകടിപ്പിച്ചത്. അഞ്ച് ശതമാനമായിരുന്നു ഏപ്രില്‍- ജൂണ്‍ മാസത്തെ പാദ വളര്‍ച്ചാ നിരക്ക്. ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക് 5.3 ശതമാനമാനമായിരിക്കുമെന്നാണ് കേന്ദ്ര ബാങ്ക് കണക്കാക്കുന്നത്. 

കഴിഞ്ഞ ആഴ്ച നടന്ന പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഇന്ത്യയുടെ 2020 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു.