വില്‍പ്പനയ്ക്കായി തയ്യാറാക്കിയ കമ്പനികളുടെ ലിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റിന് സമര്‍പ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതനുസരിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്പനികളുടെ വില്‍പ്പനയ്ക്കായി ഉടന്‍ താല്‍പര്യപത്രം ക്ഷണിക്കും. 

ദില്ലി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കുളള പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ 50 ല്‍ അധികം കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളെയാണ് നിതി ആയോഗ് പട്ടികപ്പെടുത്തിയിട്ടുളളത്. എന്‍ടിപിസി, സിമന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ പൊതു മേഖല സംരംഭങ്ങളുടെ ഭൂമിയും വ്യവസായ യൂണിറ്റുകളുമാണ് വില്‍പ്പനയ്ക്കായി നിതി ആയോഗ് പട്ടികപ്പെടുത്തിയത്. 

വില്‍പ്പനയ്ക്കായി തയ്യാറാക്കിയ കമ്പനികളുടെ ലിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റിന് സമര്‍പ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതനുസരിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്പനികളുടെ വില്‍പ്പനയ്ക്കായി ഉടന്‍ താല്‍പര്യപത്രം ക്ഷണിക്കും. ഈ സാമ്പത്തിക വര്‍ഷം പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 90,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യ രണ്ട് മാസത്തിനുള്ളില്‍ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ 2,350 കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു മേഖല ഓഹരി വില്‍പ്പനയിലൂടെ 84,972.16 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയത്. എയര്‍ ഇന്ത്യ അടക്കമുളള 24 കമ്പനികളുടെ ഓഹരി വില്‍പനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.